ഞങ്ങള്‍ക്ക് നല്‍കിയില്ലെങ്കിലും ഞങ്ങള്‍ നല്‍കും! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ വ്യത്യസ്ത സമ്മാനവുമായി ആന്ധ്രാപ്രദേശിലെ കര്‍ഷക കൂട്ടായ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം ജന്മദിനത്തില്‍ ലോകമെമ്പാടുമുള്ള നേതാക്കളുടെ ആശംസകള്‍ പ്രവഹിക്കുന്നതിനിടെ വ്യത്യസ്തമായൊരു സമ്മാനവുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള കര്‍ഷക കൂട്ടായ്മ. രായലസീമയില്‍ വരള്‍ച്ച മൂലം കൃഷി നശിച്ച ദുരിതത്തിലായ കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രായലസീമ സഗുനീതി സാധന സമിതി (ആര്‍.എസ്.എസ്.എസ്) എന്ന സംഘടനയാണ് മോദിക്ക് വ്യത്യസ്തമായ സമ്മാനം അയച്ചത്. മേഖലയിലെ നാല് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് ‘സമ്മാന പദ്ധതിയില്‍’ പങ്കെടുത്തത്. 68 പൈസ തുകയായി എഴുതിയ 400 ചെക്കുകളാണ് ഇവര്‍ മോദിക്ക് അയച്ചിരിക്കുന്നത്. തങ്ങള്‍ നേരിടുന്ന അതിരൂക്ഷമായ പ്രശ്നം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനാണിതെന്നും അവര്‍ പറയുന്നു.

രാജ്യത്തുതന്നെ ഏറ്റവും അവഗണന നേരിടുന്ന മേഖലയാണ് തങ്ങളുടേത്. വേണ്ടത്ര വിഭവങ്ങള്‍ ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കൃഷ്ണ, പെന്ന നദികള്‍ ഒഴുകുന്നത് ഈ മേഖലയില്‍ കൂടിയാണെങ്കിലും കുര്‍ണൂല്‍, അനന്തപുര്‍, ചിറ്റൂര്‍, കഡപ്പ മേഖലകള്‍ കടുത്ത വരള്‍ച്ചയിലാണെന്നും അവര്‍ പറയുന്നു. താര്‍ മരുഭൂമി കഴിഞ്ഞാല്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മേഖലയാണ് അനന്തപുര്‍ എന്നും ഇവര്‍ പറയുന്നു. രായലസീമയിലെ കര്‍ഷകരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താല്‍പര്യമില്ല. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയും രായലസീമയില്‍ നിന്നുള്ളവരാണ്. 54 എം.എല്‍.എമാര്‍ മാത്രമാണ് ഈ മേഖലയില്‍ നിന്നുള്ളതിനാല്‍ ആര്‍ക്കും തങ്ങളുടെ കാര്യത്തില്‍ താല്‍പര്യമില്ല. അംഗബലം കൂടുതലുള്ള തീരദേശ മേഖലയോടാണ് എല്ലാവര്‍ക്കും താല്‍പര്യമെന്നും അവര്‍ പറയുന്നു.

 

 

Related posts