ആലപ്പുഴ: ജില്ലയിൽ ജനജീവിതത്തെ ബാധിച്ച് മഴയുടെ ദുരിതപ്പെയ്ത്ത്.ഇന്നലെ രാവിലെ മുതൽ പെയ്ത കനത്തമഴയിൽ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി നിരവധി വീടുകൾ തകർന്നു.വെള്ളം കയറിയും മരം വീണും റോഡുകളിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു.
വെദ്യുതലൈനുകൾ കാറ്റിൽ മരം വീണ് തകരാറിലായത് മൂലം മണിക്കൂറുകളോളം പലയിടങ്ങളിലും വൈദ്യുതിബന്ധവും നിലച്ചു,കഴിഞ്ഞ ദിവസം രാത്രി നിലച്ച വൈദ്യുതി ബന്ധം പലയിടങ്ങളിലും ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല.കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.ഇടറോഡുകളിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചിരിക്കുകയാണ്.
രണ്ടാംകൃഷിയിറക്കിയ പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലുമായിട്ടുണ്ട്.മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് പൂർണമായ വിവരം ഇന്നുച്ചയ്ക്ക് ശേഷമേ ഒൗദ്യേഗികമായി അറിയാൻ കഴിയും .നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ റവന്യു വിഭാഗം കണക്കാക്കി വരുന്നതേയുള്ളു.കനത്തമഴക്കൊപ്പമെത്തിയ കാറ്റാണ് ജില്ലയിൽ കൂടുതൽ ദുരിതം വിതച്ചത്.
കാർത്തികപ്പള്ളി താലൂക്കിലാണ് നിലവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം നാശനഷ്ടങ്ങൾ കൂടുതലുണ്ടായിരിക്കുന്നത്.24 വീടുകൾ ഭാഗീകമായും രണ്ടുവീടുകൾ പൂർണമായും തകർന്നതായുമാണ് കണക്ക്.രാമങ്കരി, തകഴി,കോമളപുരം,ചേപ്പാട് വില്ലേജുകളിൽ ഓരോ വീടുകളും തകർന്നതായാണ് ഒൗദ്യേഗിക വിവരം.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
തീരദേശ മേഖലയിൽ ജലനിരപ്പുയർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.നഗരപ്രദേശങ്ങളിലെ കാനകളിൽ ഒഴുക്കു നിലച്ച പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.മണിമല.അച്ചൻകോവിൽ,പന്പ നദികൾ കരകഴിഞ്ഞൊഴുകുന്നത് മൂലം തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രതയിലാണ്.
ഇന്നലെത്തെ അപേക്ഷിച്ച് കുട്ടനാട്ടിലെ ജലനിരപ്പിൽ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ല.കിഴക്കൻ മേഖലയിൽ കനത്ത മഴ ഇന്നലെ പെയ്തത് കുട്ടനാട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന രാവിലെ ജലനിരപ്പ് ഉയർന്നിട്ടില്ല.കൊച്ചാർ തുറന്നതിനാൽ ജലം വേഗം ഒഴുകിമാറുന്നുമുണ്ട്.കനത്ത മഴയെ തുടർന്ന് ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും കണ്ട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്