തൃശൂർ: ജില്ലാ ജനറൽ ആശുപത്രിയിലെ പ്രസവിക്കാനെത്തുന്ന ഗർഭിണികൾക്കു പ്രസവവേദനയോടൊപ്പം മൂട്ടകടിയും സഹിക്കേണ്ടിവരും. ഗൈനക്കോളജി വിഭാഗത്തിലെ 12-ാം വാർഡിലെ കിടക്കകളാണ് മൂട്ടകൾ പെരുകി ഉപയോഗയോഗ്യമല്ലാതായിരിക്കുന്നത്. ഗർഭിണികളും സ്ത്രീജന്യ രോഗമുള്ളവരുമാണ് വാർഡിലുള്ളത്. മൂട്ടകടിയേറ്റ് രാത്രിപോലും ഉറങ്ങാനാവാത്ത അവസ്ഥയിലാണ് വാർഡിൽ ചികിത്സയിലുള്ളവരും ഗർഭിണികളും.
വാർഡിൽ അടുത്തിടെ ചുവരുകൾ പെയിന്റ് ചെയ്തിരുന്നു. ഇതോടെ ചുവരിൽ ഉണ്ടായിരുന്ന മൂട്ടകളെല്ലാം വാർഡിലെ ബെഡുകളിലേക്ക് ഇറങ്ങുകയായിരുന്നുവെന്നു പറയുന്നു. കട്ടിലിൽ കിടക്കുന്നവരെ രാത്രിയിൽ മൂട്ടകൾ പൊതിഞ്ഞുകടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
മൂട്ടകൾ നിറഞ്ഞ കിടക്കകൾ മാറ്റി പുതിയവ കൊണ്ടുവന്നാലേ ഇവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനാവൂ. നേരത്തേ ഡോക്ടർമാർ പണം മുടക്കി എൻഎസ്എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ആശുപത്രി ചുവരുകൾ പെയിന്റടിക്കുകയും ഉപകരണങ്ങൾ വൃത്തിയാക്കുകയും ചെയ്യാറുണ്ട്. മൂട്ടപ്രശ്നം പരിഹരിക്കാൻ പുതിയ കിടക്കകൾകൂടി വാങ്ങാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഡോക്ടർമാർ.