ശ്രീകൃഷ്ണപുരം: ദുരിതങ്ങളുടെ നടുക്കയത്തിൽ വീണുലയുകയാണ് അന്തർദേശീയ വീൽചെയർ ബാസ്കറ്റ് ബോൾ താരമായ നിഷ. കരിന്പുഴ പഞ്ചായത്തിലെ കുന്നക്കാട് താഴേക്കോട് വീട്ടിൽ പരേതരായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളായ നിഷ ബാല്യത്തിൽ തന്നെ അനാഥത്വം രുചിച്ചു. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിൽ തുടങ്ങിയ ദുരിതം ഇനിയും വിട്ടകന്നിട്ടില്ല.
പത്തൊന്പതാമത്തെ വയസിൽ വിധി വില്ലനായപ്പോൾ നിഷയെ തേടിയെത്തിയത് ഒരു വൻ ദുരന്തമായിരുന്നു. അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴെ തളർന്നുപോയതോടെ നിഷ സഹായ ഹസ്തവുമായി വന്നവർക്കെല്ലാം ബാധ്യതയായി. സാന്പത്തിക പരാധീനത മൂലം എസ്എസ്എൽസി പരീക്ഷ പോലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
ഇതിനിടെയാണ് വീൽചെയർ ബാസ്കറ്റ് ബോളിനെക്കുറിച്ച് നിഷ കേട്ടറിഞ്ഞത്. പറഞ്ഞുകേട്ട പരിചയം മാത്രമുള്ള വീൽചെയർ ബാസ്കറ്റ് ബോൾ നിഷയിൽ അതിയായ താത്പര്യം ജനിപ്പിച്ചു.നിഷയുടെ താത്പര്യം മനസിലാക്കിയ കോതമംഗലം എംഎസ്ജെ സിസ്റ്റേഴ്സ് 2005 ൽ നിഷയെ ഏറ്റെടുത്തു. തുടർന്ന് പരിശീലനവും നിർദേശങ്ങളും നൽകി നിഷയെ ഒരുക്കിയെടുത്തു.
ചുരുങ്ങിയ വേതനത്തിലാണെങ്കിലും ശാന്തിഗിരി കോളജിൽ ഓഫീസ് അസിസ്റ്റന്റായി ജോലിയും ഇതോടൊപ്പം നേടിയെടുത്തു. സ്വന്തം നിലയിൽ കന്പ്യൂട്ടറും ഡിടിപിയും പഠിച്ചു.2014ൽ കോതമംഗലം എംഎ കോളജിൽ നടന്ന ത്രിദിന വീൽചെയർ ബാസ്കറ്റ്ബോൾ വർക്ക്ഷോപ്പാണ് നിഷയിലെ അന്തർദേശീയ കായികതാരത്തിന്റെ തുടക്കം.
ചെന്നൈയിലും ഡൽഹിയിലും നടന്ന സംസ്ഥാന തല ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടർന്ന് 2017ൽ തായ്ലൻഡിലും ഇന്തോനേഷ്യയിലെ ബാലിയിലും നടന്ന അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി കളിച്ചു. എന്നാൽ തുടർന്നങ്ങോട്ട് നിഷയ്ക്കു ശോഭിക്കാനായില്ല. ജീവിത പ്രയാസങ്ങളും മികച്ച പരിശീലനം ലഭിക്കാത്തതുമാണ് ഈ കായിക പ്രതിഭയെ തളർത്തിയത്.
ജീവിക്കാൻ മാർഗമില്ലാത്ത ദയനീയ അവസ്ഥയിലാണ് നിഷ ഇന്ന്. സ്ഥിരവരുമാനമുള്ള ഒരു ജോലി, സ്വന്തമായൊരു വീട് എന്നിവയൊന്നും ഈ കായിക താരത്തിനില്ല. കായിക താരങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നിഷയുടെ കാര്യത്തിലും കരുണ കാട്ടുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ജന്മനാട്ടിൽ സ്വന്തമായുള്ള സ്ഥലത്ത് ഒരു കൊച്ചുവീട് വച്ച് ബന്ധുക്കളോടൊപ്പം താമസിക്കാൻ നിഷ ആഗ്രഹിക്കുന്നു. വീൽചെയറിനെ ആശ്രയിക്കുന്ന നിഷയെ നാട്ടിലെത്തിപ്പെടാൻ റോഡില്ലാത്തതും വലയ്ക്കുന്നു.
വീൽചെയർ ബാസ്കറ്റ് ബോൾ രംഗത്തേക്കു കൈപിടിച്ച് കൊണ്ടുവന്ന ഫാ.മാത്യു കിരിയാത്ത്, എ.കെ.ഡബ്ല്യു.ആർ.എഫ് പ്രവർത്തകനായ വാസുണ്ണി, ശാന്തിഗിരി കോളജിലെ അധ്യാപകർ എന്നിവരോടെല്ലാം ഈ കായിക താരം നന്ദി രേഖപ്പെടുത്തുന്നു. പ്രാരബ്ധങ്ങൾക്കിടയിലും അടുത്തവർഷം ടോക്കിയോയിൽ നടക്കുന്ന അന്തർദേശീയ വീൽചെയർ ബാസ്കറ്റ് ബോൾ ടൂർണമെൻറിലേക്ക് രാജ്യത്തിനുവേണ്ടി കളിക്കാൻ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിഷ.
നിഷയ്ക്ക് പഞ്ചായത്തിനെക്കൊണ്ട് ചെയ്യാൻ പറ്റുന്ന പരമാവധി സഹായം ചെയ്തുകൊടുക്കുമെന്ന് കരിന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അറിയിച്ചു. നിഷയുടെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. നിഷയ്ക്ക് ജോലിയും വീടും പരിശീലനവും നൽകണമെന്ന് പഞ്ചായത്തംഗം ടി. രഹ്നയും, കുലിക്കിലിയാട് യുവചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.വാസുദേവനും നിവേദനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.