കൊട്ടാരക്കര: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർ ടി സി ബസ് നിർത്താതെ ഓടി. അതിവേഗം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ യാത്രക്കാരന്റെ ജീവൻ രക്ഷപെടുത്താനും ബസ് ജീവനക്കാർക്ക് കഴിഞ്ഞു.
ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. ചാത്തന്നൂർ ഡിപ്പോയിൽ നിന്നും കൊട്ടാരക്കരയിലേക്ക് വന്ന വേണാട് സർവീസിലാണ് യാത്രക്കാരൻ കുഴഞ്ഞു വീണത്. പരുത്തിയറയിൽ നിന്നും കയറിയ വേങ്ങുവിള വീട്ടിൽ ഷാജി (52) ക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായി ബസിൽ കുഴഞ്ഞ് വീണത്. ഓടനാവട്ടത്ത് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.
ഉടനെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് ഇദ്ദേഹത്തെ സീറ്റിൽ ഇരുത്തി ആശ്വസിപ്പിച്ചു. പിന്നീട് ഈ ബസ് മറ്റ് സ്റ്റോപ്പുകളിലൊന്നും നിർത്താതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. അവിടെയെത്തിച്ച് അടിയന്തിര ചികിത്സ നൽകിയതോടെയാണ് യാത്രക്കാരന് തിരിച്ചു വരാൻ കഴിഞ്ഞത്.
യാത്രക്കാരന് ആശ്വാസമാകുന്നതുവരെ ബസ് ജീവനക്കാർ ഒപ്പം നിന്നു. ആർ എം ഒ ഡോ: ഡാർവിൻ സി പേളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ ഗൃഹനാഥനെ പരിശോധിച്ചു. റേഷൻ വ്യാപാരിയായ ഷാജിയെ നേരിട്ടറിയാവുന്ന മറ്റൊരു യാത്രക്കാരനെ ഒപ്പം നിർത്തിയതിനു ശേഷമാണ് ജീവനക്കാർ മടങ്ങിയത്.
ചാത്തന്നൂർ ഡിപ്പോയിലെ ഡ്രൈവർ എസ് അനിൽ കുമാറും കണ്ടക്ടർ എം വി അരുണ്‍ ഒരു ജീവൻ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ടത്. മറ്റു യാത്രക്കാരുടെ സഹകരണവും ഇക്കാര്യത്തിലുണ്ടായി. ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അനുമോദിച്ചു. യാത്രക്കാരന്റെ ബന്ധുക്കൾ നന്ദിയും രേഖപ്പെടുത്തി.