ന്യൂഡൽഹി: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ സന്തത സഹചാരിണി ഹണിപ്രീത് സിംഗ് മുങ്ങിയതിനു പിന്നാലെ ദേരാ ചെയർപേഴ്സൺ വിപാസനയേയും കാണാനില്ല. ഞായറാഴ്ച ഗുർമീതിന്റെ മകൻ ജസ്മീത്തിനെ കാണാൻ ഗംഗനഗറിലേക്ക് പോയ വിപാസനയെക്കുറിച്ച് പിന്നീട് ഒരു വിവരമുമില്ലെന്നാണ് ദേരാ ആശ്രമ വക്താവ് പറയുന്നത്. ഇവരുടെ മൊബൈൽ ഫോണും ഒാഫാണ്.
ഗുർമീത് റാം റഹിമിനെ മാനഭംഗക്കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 43 പേരെ പിടികിട്ടാപ്പുള്ളികളായി ഹരിയാന പോലീസ് പ്രഖ്യാപിച്ചിരുന്നു. ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെയും ദേരാ വക്താവ് ആദിത്യയെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആ സാഹചര്യത്തിൽ തന്നെയും അറസ്റ്റ് ചെയ്യുമോ എന്ന പേടിയിലാണ് വിപാസന മുങ്ങിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ഹണി പ്രീത് ഇൻസാനെ നേപ്പാളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നേപ്പാളിലെ ധരൻ- ഇത്തേഹാരി പ്രദേശത്തുനിന്ന് ഹണിപ്രീതിനെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുണ്ട്.
നേപ്പാളിലെ സുൻസാരി- മൊറാംഗ് ജില്ലയിൽ ഒളിച്ചുകഴിയുകയാണെന്ന് റിപ്പോർട്ട്. നേപ്പാളിൽ ഇവർക്കെതിരേ കേസ് ഇല്ലാത്തതിനാൽ ഹണിയെ അറസ്റ്റ് ചെയ്യില്ലെന്ന് നേപ്പാൾ പോലീസ് പറഞ്ഞു. ഹരിയാന പോലീസ് നേപ്പാളുമായി ഹണിയെ അറസ്റ്റ് ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുർമീതിന്റെ ദത്തുപുത്രി എന്നവകാശപ്പെടുന്ന ഹണിക്കെതിരേ രാജ്യദ്രോഹം, അക്രമത്തിനു പ്രേരിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.