ഒല്ലൂർ: സിപിഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധികളുടെ ഭക്ഷണത്തിനായി പുത്തൂരിൽ നെൽക്കൃഷി നടത്തുന്നു. ഞാറുനടീൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.2018 ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആവശ്യമായിവരുന്ന അരിയും പച്ചക്കറികളുമെല്ലാം പൂർണമായും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കാനാണ് നീക്കം.
പുത്തൂരിലെ തുളിയാംകുന്ന് പാടശേഖരത്തിലാണ് സമ്മേളനത്തിനുള്ള നെല്ല് കൃഷിചെയ്യുന്നത്. ലുങ്കിയുടുത്ത് തനിനാടൻ കർഷകന്റെ വേഷത്തിലാണ് കോടിയേരി കൃഷിയിറക്കാൻ പാടത്തിറങ്ങിയത്. തലയിൽ തോർത്തുമുണ്ടും കെട്ടിയതോടെ ആവേശത്തിലായ പ്രവർത്തകർ നാടൻപാട്ട് പാടി രംഗം കൊഴുപ്പിച്ചു.
പി.കെ. ബിജു എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി കെ.പി. പോൾ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, എം.എം. വർഗീസ്, യു.പി. ജോസഫ്, പി.ബി. സുരേന്ദ്രൻ, കെ.വി. സജു എന്നിവർ ഞാറുനടീൽ ചടങ്ങിൽ പങ്കെടുത്തു.