മ്യൂണിക്ക്: ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ മ്യൂണിക്കിൽ ശനിയാഴ്ച തുടക്കം കുറിച്ചു. നഗരത്തിന്റെ മേയർ ഡീറ്റർ റൈറ്റർ പരന്പരാഗത രീതിയിൽ ഉദ്ഘാടനം ചെയ്തു. ഒസാപ്ഫ്റ്റ് എന്നുറക്കെ വിളിച്ചുപറഞ്ഞാണ് ബിയർ ഫാസ് തുറന്നു മേള ഉദ്ഘാടനം ചെയ്തത്. ബവേറിയൻ സാംസ്കാരിക ഭൂമികയിൽ നിർണായക സാന്നിധ്യമായ ഒക്ടോബർ ഫെസ്റ്റിന്റെ ഇരുനൂറ്റിയേഴാം എഡിഷനാണിത്.
ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഫെസ്റ്റിന് ജർമനി ഇത്തവണ നേരത്തെതന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.
മ്യൂണിക്ക് നഗര ഭരണകൂടത്തിനും പോലീസിനുമാണ് സുരക്ഷാ ചുമതല. അറുപതു ലക്ഷത്തിലധികം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ജർമൻ നഗരങ്ങളിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്.
ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ഡെപ്യൂട്ടി മേയർ ജോസഫ് ഷ്മിഡ് അറിയിച്ചു. എന്നാൽ, ഇതൊന്നും ആഘോഷ പരിപാടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഉറപ്പു നൽകി.
പതിവുകാർക്കു പോലും ഓരോ സന്ദർശനത്തിലും പുതിയ കാഴ്ചകൾ നൽകുന്ന ബിയർ ഉത്സവമാണ് ഒക്ടോബർഫെസ്റ്റ്. ആയിരത്തിലധികം പേരടങ്ങുന്ന പരേഡോടെ ശനിയാഴ്ച ഇതിനു തുടക്കമായത്. ജർമൻ പാരന്പര്യത്തിന്റെ ഒരു ആഘോഷകാലം കൂടിയാണ് തുടങ്ങിയത്.
കഴിഞ്ഞ വർഷം ആറര ലക്ഷത്തിലേറെ ലിറ്റർ ബിയറാണ് ഇവിടെ കുടിച്ചുവറ്റിക്കപ്പെട്ടത്. ഒരാൾ ഒരു ലിറ്റർ എന്ന കണക്കിലാണ് ബിയർ കുടിച്ചത്. അമേരിക്ക, ഇറ്റലി, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നു നിരവധി സന്ദർശകരെത്തിയിരുന്നു. സെപ്റ്റംബർ 16 ന് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ഫോക്സ് ഫെസ്റ്റായി വിശേഷിപ്പിയ്ക്കപ്പെടുന്ന ഫെസ്റ്റിന് ഒക്ടോബർ 3 ന് സമാപനം കുറിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ