മുറ്റത്തേയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കണ്ടത് നൂറ് പവന്‍ സ്വര്‍ണം ഉള്‍പ്പെട്ട പൊതി! മംഗളൂരുവില്‍ നടന്ന രസകരമായ ഒരു മോഷണകഥ

മോഷ്ടിച്ച മുതല്‍ പാവപ്പെട്ടവരുമായി പങ്കുവയ്ക്കുന്ന നല്ല കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കാം. കായംകുളം കൊച്ചുണ്ണി തന്നെ ഉദാഹരണം. എന്നാല്‍ മോഷണ വസ്തു കള്ളന്മാരാരെങ്കിലും ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുത്ത ചരിത്രം വളരെ കുറവാണ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മംഗളൂരുവില്‍ അത് നടന്നു. മോഷ്ടിച്ചുകൊണ്ടുപോയ സ്വര്‍ണ്ണം കള്ളന്‍ വീട്ടുകാര്‍ക്ക് തന്നെ തിരിച്ചുകൊടുത്തു. തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം വേണ്ടെന്നുവെച്ച കള്ളന്‍ പിറ്റേന്ന് വീടിന്റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. മംഗളൂരുവില്‍ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണിത്. 100 പവന്‍ സ്വര്‍ണ്ണവും 13,000 രൂപയുമായിരുന്നു മോഷ്ടിക്കപ്പെട്ടത്.

പിറ്റേന്ന് ബൈക്കില്‍ എത്തിയ കള്ളന്‍ സ്വര്‍ണ്ണം വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് പൊതി മുറ്റത്തേക്ക് എറിഞ്ഞതെന്നാണ് വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴി. മംഗളുരു അഡുമരോളിയില്‍ ശേഖര്‍ കുന്ദറിന്റെ വീട്ടിലായിരുന്നു ശനിയാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നത്. ഭാര്യ തിലോത്തമ്മയുടെ സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. മെക്കാനിക്കായ ശേഖര്‍ കുന്ദര്‍ പണിശാലയിലേക്കും ജിയോളജി വകുപ്പ് ജീവനക്കാരിയായ തിലോത്തമ ഓഫീസിലേക്കും പോയ സമയത്ത് പിന്‍ വാതില്‍ തകര്‍ത്തായിരുന്നു മോഷണം നടന്നത്. കനത്ത മഴയായിരുന്നതിനാല്‍ മോഷണം നടന്നത് അയല്‍വക്കക്കാരും ശ്രദ്ധിച്ചില്ല. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശേഖറും ഭാര്യയും അറിഞ്ഞത്.

പണവും സ്വര്‍ണ്ണവും പോയ ദു:ഖത്തില്‍ രണ്ടു ദിവസം ഇരുന്ന ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ മുറ്റത്ത് എന്തോ വന്നു വീണ ശബ്ദം കേട്ട് വാതില്‍ക്കലേക്ക് ഓടിയെത്തിയ വീട്ടുകാര്‍ കണ്ടത് നഷ്ടമായ സ്വര്‍ണ്ണം ഉള്‍പ്പെട്ട പൊതിയായിരുന്നു. കൂട്ടത്തില്‍ സ്വര്‍ണ്ണം ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉപദേശിച്ച് ഒരു കത്തും. സ്വര്‍ണ്ണം തിരിച്ചുകിട്ടിയെങ്കിലും വീട്ടില്‍ നിന്നെടുത്ത പണം കള്ളന്‍ തിരിച്ചുനല്‍കിയില്ല. എങ്കിലും വീട്ടുകാര്‍ ഹാപ്പിയാണ്. സ്വര്‍ണ്ണം കിട്ടിയല്ലോ. എടുത്ത സ്വര്‍ണ്ണം തിരിച്ചുകൊടുക്കാന്‍ കള്ളനെ പ്രേരിപ്പിച്ചതെന്തായിരിക്കാം എന്നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞവര്‍ സംശയമുന്നയിക്കുന്നത്.

 

Related posts