തൃശൂർ: കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതിയായ അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വാക്കത്ത് ജ്യോതിഷ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ആനി ജോണ്‍ തള്ളിയത്.
അഭിഭാഷകനെതിരെ ശക്തമായ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവസ്ഥലത്തുവച്ച് അഭിഭാഷകൻ കേസിലെ നാലാം പ്രതിയായ നെൽസനെ ഫോണിൽ വിളിക്കുകയും ഇയാൾ ഒന്നും രണ്ടും പ്രതികളായ സാബു വിൽസണ്‍, അജീഷ് എന്നിവരെ വിളിച്ച് ക്വട്ടേഷൻ നൽകുകയുമായിരുന്നു.
കൃത്യം നടത്തിയ പ്രതികൾ നെൽസനിൽനിന്ന് 10,000 രൂപ വാങ്ങിയെന്നതിനും പോലീസ് തെളിവുകൾ നൽകിയിട്ടുണ്ട്. ഇതിൽ 6,000 രൂപ പ്രതികൾ ചെലവാക്കിയെന്നും ബാക്കി തുക പോലീസ് കണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കൂർക്കഞ്ചേരിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന എൻജിനീയർ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈയാണ് തല്ലിയൊടിച്ചത്. സെപ്റ്റംബർ മൂന്നിന് ശക്തൻ സ്റ്റാൻഡിനു സമീപത്തെ മാളിനു മുന്പിൽ മാർഗതടസമുണ്ടാക്കിയ അഭിഭാഷകന്റെ കാർ മാറ്റാൻ ഗിരീഷ് ഹോണ്‍ നീട്ടിയടിച്ചതാണ് പ്രകോപനത്തിനു കാരണം. ഗിരീഷ് ഫ്ളാറ്റിലെത്തിയതിനു പിന്നാലെ രണ്ടുപേർ പിന്നാലെയെത്തി പാർക്കിംഗ് സ്ഥലത്തുവച്ച് ഇരുന്പുവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. ഇത് ജ്യോതിഷ് നൽകിയ ക്വട്ടേഷനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.