സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയുടെ മാനത്തുനിന്ന് ആശങ്കയുടെ കാർമേഘങ്ങൾ പൂർണമായും ഒഴിഞ്ഞു. ലോകത്തെ മുഴുവൻ ഒരു പന്തിലേക്കു ചുരുക്കുന്ന കാൽപ്പന്തുകളിയുടെ പൂരത്തെ വരവേൽക്കാൻ ഇനി കൊച്ചിക്കു കച്ചകെട്ടാം. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലേക്കു ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്ന കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം നിരാശരാക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ.
സ്റ്റേഡിയത്തിലെ കടമുറികൾ ഒഴിപ്പിച്ചില്ലെങ്കിൽ കൊച്ചിയിൽ മൽസരം നടത്താനാകില്ലെന്ന ഫിഫയുടെ മുന്നറിയിപ്പും ഒഴിപ്പിക്കലിനെതിരേ വ്യാപാരികൾ കോടതിയെ സമീപിച്ചതുമാണ് അവസാനനിമിഷം കടുത്ത ആശങ്ക പരത്തിയത്. എന്നാൽ സ്റ്റേഡിയത്തിലെ കടകൾ 25നു മുൻപ് ഒഴിയണമെന്നുള്ള ഹൈക്കോടതി വിധി ഇന്നലെ വന്നതോടെ ഈ ആശങ്കകൾ എല്ലാം ഒഴിഞ്ഞു.
നെഹ്റു സ്റ്റേഡിയത്തിലെ കടകൾ ഒഴിയണമെന്നു രണ്ടു വർഷം മുൻപ് ലോകകപ്പ് വേദി അനുവദിക്കുന്ന സമയത്തുത്തന്നെ ഫിഫ നിർദേശിച്ചിരുന്നു. എന്നാൽ, ജിസിഡിഎ ഈ മാസം 15ന് കടകൾ ഒഴിയണമെന്നു നോട്ടീസ് നൽകിയപ്പോൾ കടയുടമകൾ ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകി. 18ന് ഫിഫയ്ക്ക് സ്റ്റേഡിയം കൈമാറാമെന്ന് അറിയിച്ച പ്രാദേശിക അധികൃതർ ഇതോടെ വിഷമത്തിലായി.
കടകൾ ഒഴിയാത്തപക്ഷം ലോകകപ്പ് മത്സരങ്ങൾ കൊച്ചിയിൽനിന്നു മാറ്റി മറ്റു സ്റ്റേഡിയങ്ങൾക്ക് അനുവദിക്കുമെന്നു ഫിഫസംഘം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. കടയുടമകൾ ഹർജി നല്കിയതോടെ നെഞ്ചിടിപ്പേറിയ ആരാധകർക്ക് ഇന്നലെ കോടതിവിധി വന്നതോടെയാണ് ആശ്വാസമായത്.
കടകൾ ഒഴിപ്പിക്കാൻ വൈകിയാൽ മത്സരങ്ങൾ നഷ്ടമാകുമെന്നും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. എല്ലാ പരിശോധിച്ച കോടതി 25നു മുൻപ് കടകൾ ഒഴിയാൻ നിർദേശിക്കുകയായിരുന്നു. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ വിശാലകൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) 25 ലക്ഷം രൂപ എറണാകുളം ട്രഷറിയിൽ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകളുടെ പേരിലുണ്ടായ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നു ഫിഫ ലോകകപ്പ് പ്രാദേശിക സംഘാടകസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജിസിഡിഎയുമായി സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ഫിഫ കരാർ ഒപ്പിട്ടിരുന്നു. ഹൈക്കോടതി വിധി അനുകൂലയായതോടെ ഇനി ലോകകപ്പ് ഒരുക്കങ്ങൾ അതിവേഗം തീർത്തു ഫിഫയ്ക്ക് എത്രയും വേഗം സ്റ്റേഡിയം കൈമാറാൻ സാധിക്കും.