അന്തിക്കാട്: പുത്തൻപീടിക തോന്നിയകാവ് ക്ഷേത്രത്തിനടുത്ത് വീട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന് വീട്ടമ്മയെ തലയ്ക്കടിച്ച് മോഷണശ്രമം നടത്തിയ സ്വകാര്യ ബസ് ക്ലീനറെ പോലീസ് അറസ്റ്റുചെയ്തു.പുത്തൻപീടിക കോന്നാടത്ത് അഖിലിനെയാണ്(23) അന്തിക്കാട് അഡീഷണൽ എസ്ഐ വിൻസെന്റ് ഇഗ്നേഷ്യസ്, എ.എസ്ഐ വിൻസൻ ചെറിയാൻ, സിപിഒ ഷിഹാബ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. കൂട്ടാല ജോഷിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജോഷിയുടെ ഭാര്യ ഉഷയെ(42)യാണ് അടുക്കളയിലെ പാത്രമെടുത്ത് അഖിൽ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.പുലർച്ചെ അഞ്ചിന് വാതിൽ തുറന്ന് ബാത്ത് റൂമിൽ പോയി ഉഷ വരുന്പോൾ അടുക്കളയിൽ ഒളിച്ചിരുന്ന അഖിലിനെ കാണുകയായിരുന്നു.
വീട്ടിൽ കയറിയത് എന്തിനാണെന്ന് ചോദ്യം ചെയ്ത് ഇയാളെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും അടുക്കളയിലെ ചായവെക്കുന്ന പാത്രമെടുത്ത് അഖിൽ ഉഷയുടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉഷ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെട്ടോടുന്നതിനിടെ സമീപത്തെ മറ്റൊരു വീട്ടിലെ സ്ത്രീയും അഖിലിനെ കണ്ടിരുന്നു.
വിവരമറിഞ്ഞ് അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തിനിടയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് ഇയാളെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.മോഷണശ്രമം നടത്തിയ വീടിന്റെ പരിസരത്താണ് അറസ്റ്റിലായ അഖിലന്റെ വീട്. സ്വന്തം വീട്ടിലിരുന്ന് നിരീക്ഷണം നടത്തിയാണ് അഖിൽ മോഷണം നടത്താൻ അയൽപക്കത്തെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.