ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന. ഞാന്‍ ഇത്രയധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും നാല് വര്‍ഷം മുമ്പ് നടന്ന വിവാഹമോചനത്തെ കുറിച്ചാണ് എവിടെ ചെന്നാലും ആളുകള്‍ക്ക് അറിയേണ്ടത്. എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതി. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി നല്‍കിയിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമാണെന്ന് ലെന പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും മനസാക്ഷിയോട് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നാണ് താരത്തിന്റെ അഭിപ്രായം.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡ് ആയ വ്യക്തിയാണ് ലെന. എവിടെയും എന്തും തുറന്നു പറയുകയും ചെയ്യും. എന്നാല്‍ പലരും അത് തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കുന്നതെന്നും ലെന പറയുന്നു. സിനിമയില്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്ത് നോക്കി പറയുന്നതാണ് ശീലമെന്നും താരം പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്ത് കൃത്യമായി അതു ചെയ്യാറുണ്ടെന്നും ലെന വ്യക്തമാക്കുന്നു.
പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ലെന്നും പഴയ സൗഹൃദങ്ങള്‍ തന്നെയാണ് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നതെന്നും നടി പറയുന്നു. ഒഴിവു സമയങ്ങളില്‍ യാത്ര ചെയ്യാനാണ് താത്പര്യം. ബാംഗ്ലൂരില്‍ സ്വന്തമായി ഫ്ളാറ്റ് വാങ്ങിയതില്‍ പിന്നെ പലപ്പോഴും അവിടെയാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു. തമിഴിലും തിളങ്ങാനായി. പൃഥ്വിരാജിന്റെ അമ്മയായി മൊയ്തീനില്‍ അഭിനയിച്ചത് ശരിയായില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഓരോ കഥാപാത്രവും മനസിന് ഇഷ്ടപ്പെട്ടാണ് ചെയ്തതെന്നും ലെന പറയുന്നു.