അഭിനേത്രി എന്ന നിലയില്‍ അധികം സിനിമകളുടെയൊന്നും ഭാഗമാവാന്‍ സാധിച്ചിട്ടില്ലെങ്കിലും ഷംന കാസിം എന്ന നടിയെ മലയാളികള്‍ക്കെല്ലാം പരിചയമുണ്ട്. അടുത്തിടെ ഒരു സിനിമയ്ക്കുവേണ്ടി സംവിധായകന്റെ ആവശ്യപ്രകാരം തലമൊട്ടയടിച്ച് ഷംന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു വിവാദ വെളിപ്പെടുത്തലുമായി ഷംന കാസിം രംഗത്തെത്തിയിരിക്കുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷംന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദിലീപ് നായകനായി അഭിനയിച്ച മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയില്‍ നായികയായി ആദ്യം വിളിച്ചത് എന്നെയാണ്. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു. ഷംന പറയുന്നു.
താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതില്‍ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് നടന്‍ ദിലീപിനും അറിയാമായിരുന്നു. എന്നാല്‍ ദിലീപേട്ടന് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഷംനാ കാസിമിന്റെ പ്രതികരണം. ‘സംഭവം അറിഞ്ഞ് ദിലീപ് എന്നെ വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് അദ്ദേഹം ഫോണില്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ എനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നി.
സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ല. എന്തുകൊണ്ടാണെന്നറിയില്ല, ആ സിനിമ പക്ഷേ പരാജയമായിരുന്നു. ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു അത്. എല്ലാവിധ ആത്മവിശ്വാസവും നല്‍കിയതും അദ്ദേഹമായിരുന്നു. ഷംന പറയുന്നു.