ചെന്നൈ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തമിഴ് നടൻ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തും. കമൽഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നെന്ന റിപ്പോർട്ടുകൾ ചൂടുപിടിച്ചുനിൽക്കവെയാണ് കമലിനെ കാണാൻ കേജരിവാൾ വ്യാഴാഴ്ച ചെന്നൈയിലെത്തുന്നത്. എന്നാൽ കേജരിവാളുമായുള്ള കൂടിക്കാഴ്ച കമൽഹാസൻ സ്ഥിരീകരിച്ചിട്ടില്ല.
നവംബറിൽ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കമൽ ഹാസനുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം ആദ്യം കമൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എഡിഎംകെ സർക്കാരിനെതിരേ തുടർച്ചയായി വിമർശനമുന്നയിക്കുന്ന കമൽ എഡിഎംകെ മന്ത്രിമാർക്കെതിരേ അടുത്തിടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് പരസ്യമായ ഏറ്റുമുട്ടലിലേക്കുവരെ നയിച്ചു. നടൻ രജനീകാന്തും സ്വന്തം പാർട്ടി രൂപീകരിക്കാൻ പോകുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.