തിരുവനന്തപുരം: കേരള പോലീസിലെ സേവന വിജയത്തിന്റെ അടയാളമായി ആർ. ശ്രീലേഖ ഡിജിപി റാങ്കിലേക്ക്. മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയിലെ അനുഭവ സന്പത്തുമായാണു ശ്രീലേഖ ഡിജിപിയാകുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം നൽകുന്പോൾ പോലീസ് ചരിത്രത്തിൽ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിക്കുകയാണ്.
അർപ്പണ മനോഭാവവും നിശ്ചയദാർഢ്യവും സേവന സന്നദ്ധതയുമുള്ള വനിതകൾക്ക് ഏതു ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുക്കാനാകും എന്നതിന്റെ തെളിവ് കൂടിയാണു ശ്രീലേഖയുടെ പുതിയ സ്ഥാനക്കയറ്റം. ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിക്കാൻ സ്ത്രീകൾ മടിച്ചുനിന്ന കാലഘട്ടത്തിലാണു പഠന മികവിലൂടെ ശ്രീലേഖ സിവിൽ സർവീസ് രംഗത്തു പ്രവേശിച്ചത്.
കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഡിജിപി റാങ്കിലെത്തുന്പോൾ പോലീസ് ചരിത്രത്തിൽ മാത്രമല്ല സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സ്ത്രീ സുരക്ഷയ്ക്കും അതു പുതിയ വഴിതുറക്കും. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ, ഗതാഗത കമ്മീഷണർ, ആദ്യത്തെ വനിതാ ഇന്റലിജൻസ് മേധാവി, ആദ്യത്തെ വനിതാ ജയിൽ മേധാവി എന്നി ബഹുമതികൾ ശ്രീലേഖയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. പോലീസിലെ എല്ലാ വിഭാഗത്തിലും ക്രിയാത്മകവും സ്തുത്യർഹവുമായ സേവനമനുഷ്ഠിച്ചു വരുന്ന ശ്രീലേഖയ്ക്കു രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ രണ്ടു തവണ ലഭിച്ചിട്ടുണ്ട്.
2004 കാലയളവിൽ എറണാകുളം ഡിഐജിയായി സേവനമനുഷ്ഠിക്കുന്പോഴും 2013-ൽ വിജിലൻസ് എഡിജിപിയായി സേവനമനുഷ്ഠിക്കുന്ന കാലയളവിലുമാണു ശ്രീലേഖയ്ക്കു രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.
1988-ൽ കോട്ടയം എഎസ്പിയായാണു ശ്രീലേഖ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ജില്ലാ പോലീസ് മേധാവിയായും എറണാകുളം റേഞ്ച് ഡിഐജിയായും ശ്രീലേഖ സേവനമനുഷ്ഠിച്ചിരുന്നു.
പോലീസിനു പുറമേ സിബിഐയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ശ്രീലേഖയ്ക്കു കഴിഞ്ഞു. സിബിഐ എസ്പിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരളാ പോലീസിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും കലയെയും സാഹിത്യത്തെയും ഒപ്പം കൂട്ടാനും മറന്നില്ല. എഴുത്തുകാരി എന്ന നിലയിലും സാഹിത്യ ആസ്വാദക എന്ന നിലയിലും സാംസ്കാരിക രംഗത്തു ശ്രദ്ധിക്കപ്പെട്ടു.
കുറ്റാന്വേഷണ കഥകൾ, ലേഖനങ്ങൾ, ചെറുകഥകൾ, പോലീസിലെ അനുഭവ കുറിപ്പുകൾ ഉൾപ്പെടെ ഒൻപത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മൂന്ന് പുസ്തകങ്ങൾ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടുള്ളതാണ്. ജയിൽ അന്തേവാസികൾക്കു മാനസിക പരിവർത്തനം ലക്ഷ്യമിട്ടു വിവിധ പദ്ധതികൾ ജയിൽ മേധാവി എന്ന നിലയിൽ നടപ്പാക്കി വരികയാണ്. ഭർത്താവ്: ഡോ. സേതുനാഥ്, മകൻ: ഗോകുൽനാഥ്.
എം. സുരേഷ്ബാബു