കടുത്തുരുത്തി: ഒരു സംഘം വിദ്യാർഥികളുടെ അതിരുവിട്ട വികൃതി റെയിൽവേയെ വെള്ളംകുടിപ്പിച്ചു. റെയിൽവേ ട്രാക്കിൽ മെറ്റലുകൾ കൂന കൂട്ടി വച്ചാണ് വിദ്യാർഥികൾ പൊല്ലാപ്പുണ്ടാക്കിയത്. സമാന്തര പാതയിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരൻ ഇതു കാണുകയും റെയിൽവേയുടെ അലർട്ട് കണ്ട്രോളിൽ വിളിച്ച് അറിയിക്കുകയുമായിരുന്നു. അവിടെനിന്ന് ഗാംഗ്മാനെ അറിയിച്ചു. തുടർന്നു ഗാംഗ്മാനെത്തി ഇവ മെറ്റൽകൂന പാളത്തിൽനിന്നു നീക്കി അപകടം ഒഴിവാക്കി.
ഇന്നലെ വൈകന്നേരം 4.15 ഓടെ കുറുപ്പന്തറ-കടുത്തുരുത്തി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേയാണു സംഭവം. കുറുപ്പന്തറ വരെയുള്ള ഭാഗത്തെ ഇരട്ടവരി പാതയിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരനാണു രണ്ടാമത്തെ പാതയിൽ വിദ്യാർഥികൾ കല്ലുകൾ പെറുക്കി കൂട്ടി വയ്ക്കുന്നതു കണ്ടത്.
ഉടൻതന്നെ ഇദേഹം ഫോണിൽ വിളിച്ചു തിരുവനന്തപുരത്തെ റെയിൽവേയുടെ അലർട്ട് കണ്ട്രോളിൽ അറിയിക്കുകയായിരുന്നു. ഇവിടെനിന്നു ലഭിച്ച വിവരമനുസരിച്ചു തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ചിന്റെ ഓഫീസിൽനിന്നുമറിയിച്ചതിനെത്തുടർന്നു കടുത്തുരുത്തി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ ബാബു ഉടൻതന്നെ കുറുപ്പന്തറ, കടുത്തുരുത്തി റെയിൽവേ സ്റ്റേഷനുകളിൽ വിവരം അറിയിച്ചു.
ഇതോടെ ഗാംഗ്മാൻമാരെ ട്രാക്കിൽ പരിശോധന നടത്താൻ അയച്ചു. വിവരമറിഞ്ഞു കടുത്തുരുത്തിയിൽനിന്നും പോലീസും സ്ഥലത്ത് എത്തിയിരുന്നു. കല്ലു കൂട്ടിവച്ച സംഘത്തെ കണ്ടെത്താനായിട്ടില്ല.