കണ്ണൂർ: ജില്ലാ ഭരണസിരാകേന്ദ്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കളക്ടറേറ്റിലും കാന്റീനിലും എത്തിച്ചു പോലീസ് തെളിവെടുത്തു. പേരാവൂർ കാരക്കുണ്ട് വീട്ടിലെ കെ.വി. മത്തായി (53), തിരുവന്പാടി പുനംകോട്ടിൽ വീട്ടിൽ ബിനോയി (35) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. വിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കിയത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് അടുത്തനാളിലാണ് ഇരുവരും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്.
സംഭവസ്ഥലത്തുനിന്നും അഞ്ചു വിരലടയാളങ്ങൾ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളിലേക്കെത്തിച്ചത്. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങളും പോലീസിനെ പ്രതികളെ പിടികൂടുന്നതിനു സഹായിച്ചു. ജനൽകന്പി വളച്ചാണു മോഷ്ടാക്കൾ കാന്റീനിന്റെ അകത്തു കയറിയത്. ആദ്യം മത്തായി അകത്തുകയറി. പിന്നീട് വാതിൽ തുറന്നു ബിനോയിയെ അകത്തുകയറ്റിയാണു മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതിങ്ങനെ: പ്രതികൾക്കു വേണ്ടി തെരച്ചിൽ നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടാതെ ജയിലിൽ നിന്നും അടുത്ത് ഇറങ്ങിയവരുടെ ലിസ്റ്റും പോലീസ് പരിശോധിച്ചു. അന്വേഷണ സംഘം നഗരത്തിൽ പരിശോധനയ്ക്ക് അയച്ചു.
പരിശോധനയുടെ ഭാഗമായി ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ കെ.വി. മത്തായി എന്ന ഓന്ത് മത്തായിയുടെ ദൃശ്യം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. തുടർന്നു പോലീസ് റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും മത്തായിയെ കണ്ടെത്തിയില്ല. പിന്നീട് നടത്തിയ പരിശോധനയിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു മാനന്തവാടി ബസിനു പിറകിൽ പതുങ്ങിനിൽക്കുന്ന മത്തായിയെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണു കൂട്ടുപ്രതി ബിനോയിയെ കുറിച്ചറിഞ്ഞത്.
ഇന്നലെ രാത്രി കണ്ണൂർ നഗരത്തിലെ ലോഡ്ജുകളിൽ നടത്തിയ പരിശോധനകളിൽ കൂട്ടുപ്രതി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ ബിനു എന്ന പേരിൽ മുറിയെടുത്തതായി പോലീസിനു മനസിലായി. തുടർന്നു മുറി പരിശോധിച്ചു ബിനോയിയെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ബിനോയിയുടെ പക്കലിൽനിന്നു 1,900 രൂപയും മത്തായിയുടെ പക്കലിൽനിന്നു 500 രൂപയും കണ്ടെടുത്തു. ഇരുവരും ജൂലൈ 11ന് ശിക്ഷാകാലാവധി കഴിഞ്ഞു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയതായിരുന്നു. ഇവർ ജയിലിൽ വച്ചാണു പരിചയപ്പെട്ടത്.
2014 ൽ കണ്ണൂർ കോടതി കാന്റീനിൽ മോഷണം നടത്തിയ കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തുവന്ന ആളാണു മത്തായി. ബിനോയി 2014 ൽ കോഴിക്കോട് ജെസിഎം കോടതിയിൽ രാത്രി കയറി ഒരു ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. കണ്ണൂർ എൻഎസ് ടാക്കീസിൽ സെക്കൻഡ് ഷോ സിനിമ കഴിഞ്ഞു കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പന്പിൽ മോഷണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ആൾ സാന്നിധ്യമുള്ളതിനാൽ കളക്ടറേറ്റിന്റെ മതിൽ ചാടി കടന്നു കളക്ടറേറ്റിൽ മോഷണം നടത്തുകയായിരുന്നു. ഇന്നു വൈകുന്നേരം ഇവരെ കോടതിയിൽ ഹാജരാക്കും. സിഐ ടി.കെ രത്നകുമാറിനു പുറമെ സ്ക്വാഡ് അംഗങ്ങളായ മഹിജൻ, സജിത്ത്, രഞ്ജിത്ത്, സ്നേഹേഷ്, ശിവാനന്ദൻ തുടങ്ങിയവരും അന്വേഷണത്തിൽ പങ്കാളികളായി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം ശ്രദ്ധയിൽപ്പെടുന്നത്. കളക്ടറേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നിന്നു 1500 രൂപയും കളക്ടറേറ്റ് കാന്റീനിൽ നിന്നു 20,000 രൂപയുമാണു മോഷ്ടിച്ചത്.
കൂടാതെ ഗ്രാമവികസന വകുപ്പിനു കീഴിലുള്ള അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ടു നശിപ്പിച്ചിരുന്നു. ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിന്റെ കംപ്യൂട്ടർ റൂമിന്റെ പൂട്ടുതകർക്കുകയും ചെയ്തു.