രാമലീലയെ ചൊല്ലിയുള്ള വാദങ്ങള്‍ കൊഴുക്കുന്നു ! ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ റിലീസ് അനവസരത്തിലാണെന്നും അല്ലെന്നും വാദങ്ങള്‍; വിവാദങ്ങള്‍ സിനിമയ്ക്ക് വന്‍ പ്രചാരണം കൊടുത്തെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ദിലീപ് നായകനായ രാമലീല 28 നു റിലീസ് ചെയ്യുമ്പോള്‍ സിനിമാലോകം രണ്ടുതട്ടില്‍. നായകന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള റിലീസ് അനവസരത്തിലാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ കൊഴുക്കുന്നു. റിലീസിനെ എതിര്‍ക്കുന്നതു സിനിമാവ്യവസായത്തെ മൊത്തത്തില്‍ ബാധിക്കുമെന്നതിനാല്‍ എതിര്‍പ്പിനും മൗനത്തിന്റെ ഭാഷ. ദീലിപിന്റെ പ്രധാന എതിരാളി ലിബര്‍ട്ടി ബഷീര്‍ പക്ഷെ സിനിമയുടെ റീലിസിംഗിനെ അനുകൂലിക്കുകയാണ്. ദിലീപ് നടന്‍ മാത്രമാണെന്നും കോടികള്‍ മുടക്കിയ നിര്‍മാതാവ് എന്തു പിഴച്ചെന്നുമാണു ബഷീറിന്റെ ചോദ്യം. ഇപ്പോഴാണ് ഈ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയ സമയം. മാസങ്ങള്‍ കഴിഞ്ഞാണു റിലീസെങ്കില്‍ ഒരുപക്ഷേ വിജയസാധ്യത കുറഞ്ഞേക്കും. ചിത്രം വന്‍വിജയം നേടിയാല്‍ ദിലീപിന്റെ ജനപ്രീതി കൂടും. പക്ഷേ, അതുകൊണ്ടൊന്നും നടി ആക്രമിക്കപ്പെട്ട കേസ് ദുര്‍ബലമാകില്ലെന്നും ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ ഇല്ലാതാകില്ലെന്നും ബഷീര്‍ പറഞ്ഞു. വിവാദങ്ങള്‍ ഒരു കോടി രൂപയുടെ പരസ്യം കൊടുക്കുന്നതിനേക്കാള്‍ പ്രചാരണം രാമലീലയ്ക്കു നല്‍കിയെന്നും ബഷീര്‍.

പുലിമുരുകനില്‍ നിന്നുള്ള വലിയ ചുവടുമാറ്റമാണു രാമലീല എന്ന രാഷ്ട്രീയ ത്രില്ലറെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. ഒരുമാസത്തോളമേ റിലീസ്‌ െവെകിയുള്ളൂ. 150 തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ടോമിച്ചന്‍ പറഞ്ഞു. ദിലീപിന്റെ അറസ്റ്റും സിനിമാ റിലീസുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ െബെജു കൊട്ടാരക്കര പറഞ്ഞു. നടനും സംവിധായകനും അടക്കമുള്ളവര്‍ക്കു പ്രതിഫലം ലഭിച്ചു. പടം പുറത്തുവന്നാലേ നിര്‍മാതാവിനു നേട്ടമുള്ളൂ. സഞ്ജയ് ദത്ത് അറസ്റ്റിലാകുമ്പോള്‍ ഏകദേശം 600 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബോളിവുഡ് സിനിമാ ലോകം പുറത്തുവിട്ടിരുന്നു. എന്നിട്ടും അതൊന്നും കോടതിയെ സ്വാധീനിച്ചില്ലല്ലോ എന്നാണ് ബെജു കൊട്ടാരക്കര ചോദിക്കുന്നത്.സിനിമയുടെ വഴിക്കു നടക്കട്ടെയെന്നായിരുന്നു സിനിമയിലെ വനിതാക്കൂട്ടായ്മയുടെ സംഘാടകരിലൊരാളായ നടി സജിത മഠത്തിലിന്റെ വാക്കുകള്‍. ആരോപണ വിധേയനായ നടന്റെ സിനിമ കാണാനോ കാണാതിരിക്കാനോ ഞങ്ങളാരും പറയുന്നില്ല. എന്നാല്‍, ചിത്രം കാണാതിരിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് അതിനുള്ള ഉത്തരവും പറയാനുണ്ടാകും. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാമെന്നും സജിത പറഞ്ഞു.

 

 

Related posts