അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറിയും കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ എതിർസ്ഥാനാർഥിയുമായിരുന്ന ഹിലരി ക്ലിന്റന്റെ ഏറ്റവും പുതിയ പുസ്തം ‘വാട്ട് ഹാപ്പെൻഡ്’ ചൂടപ്പംപോലെ വിറ്റുപോകുന്നു. പുറത്തിറങ്ങി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വിറ്റുപോയത് മൂന്നു ലക്ഷം കോപ്പികളാണ്.
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു സമയത്തെ അനുഭവങ്ങളാണ് ഹിലരി വാട്ട് ഹാപ്പെൻഡിലൂടെ പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ അവസാന ഘട്ടംവരെ വിജയം ഉറപ്പിച്ച സ്ഥാനാർഥിയായിരുന്നു ഹിലരി. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു പ്രമുഖ പാർട്ടി വനിതാ സ്ഥാനാർഥിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ജയിച്ചിരുന്നെങ്കിൽ ഹിലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമായിരുന്നു.
തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കുറച്ചു ദിവസത്തേക്ക് ഹിലരി പൊതുവേദികളിൽനിന്ന് മാറി നിന്നിരുന്നു. തെരഞ്ഞെടുപ്പു പരാജയം തന്നെ തളർത്തിയെന്നും പ്രാർഥനവഴിയാണ് താൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അന്ന് ഹിലരി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ അനുഭവങ്ങളൊക്കെയാണ് ഹിലരിയുടെ പുതിയ പുസ്തകത്തിലുള്ളത്. ട്രംപിന്റെ അവിശ്വസനീയ ജയത്തിന്റെ കാരണങ്ങളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു.