ചാലക്കുടി: കാർഡ് ഉടമകൾക്ക് ഫോണിൽ ലഭിക്കുന്ന മെസേജുകൾ കണ്ട് റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാൻ ചെല്ലുന്പോൾ സ്റ്റോക്ക് എത്തിയിട്ടില്ലെന്ന മറുപടി കേട്ട് മടങ്ങുന്നു.റേഷൻകാർഡ് ഉടമകൾക്ക് റേഷൻ സാധനങ്ങളുടെ തരം തിരിച്ച മെസേജുകളാണ് ലഭിച്ചിരുന്നത്.
സെപ്റ്റംബർ മാസത്തിൽ സ്റ്റേറ്റ് സബ്സിഡി കാർഡ് ഉടമകൾക്ക് മാസത്തിൽ രണ്ടുകിലോ സർക്കാർ പറയുന്നത്. സപ്ലൈ ഓഫീസിൽനിന്ന് ലിസ്റ്റ് പ്രകാരം 1.400 ഗ്രാം അരിയാണ് ലഭിച്ചത്. എപിഎൽ കാർഡ് ഉടമകൾക്ക് മാസത്തിൽ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് രണ്ടുകിലോ അരിയും രണ്ടുകിലോ ആട്ടയുമാണ് മെസേജ് അയച്ചത്. എന്നാൽ സിവിൽ സപ്ലൈസ് അനുവദിച്ചത് 500ഗ്രാം അരിയാണ്.
മെസേജ് അയക്കുന്നത് അനുസരിച്ച് റേഷൻ സാധനങ്ങൾ റേഷൻ കടകളിൽനിന്നും ലഭിക്കാതായതോടെ റേഷൻ വ്യാപാരികളും കാർഡ് ഉടമകളും തമ്മിലുള്ള തർക്കം പതിവായിരിക്കയാണ്. ആഗസ്റ്റ് 30നു 200ഓളം റേഷൻ വ്യാപാരികൾ അരിക്കും ഗോതന്പിനും ആട്ടയ്ക്കും വേണ്ടി പണം അടച്ച് സ്റ്റോക്ക് ലഭിക്കുന്നതിനു കാത്തിരിക്കേണ്ട അവസ്ഥയാണ്. കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ വാതിൽപ്പടി സന്പ്രദായം അനുസരിച്ച് റേഷൻകടകളിൽ എത്തിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.
സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി.പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.പങ്കജാക്ഷൻ, വി.ഡി.തോമസ്, ബെൻസൻ കണ്ണൂക്കാടൻ, എം.കെ.സുനിൽ, കെ.കെ.അനിൽ എന്നിവർ പ്രസംഗിച്ചു.