ഇത് പോക്കിരി സൈമണല്ല, വെറും കൂതറ സൈമണ്‍ റിവ്യു വായിക്കാം

അയ്യയ്യോ… ദാരിദ്യ്രമെന്നു പറഞ്ഞാല്‍ കട്ട ദാരിദ്യ്രം… “പോക്കിരി സൈമണ്‍’ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇളയ ദളപതിയുടെ പേര് പറഞ്ഞ് സണ്ണി വെയ്ന്‍ എന്ന നായകനെ ചുളുവില്‍ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ത്താനുള്ള സംവിധായകന്‍റെ ശ്രമം ഇത്തരി കടുത്തു പോയി. ഇമ്മാതിരി വേഷം കെട്ടലുകളെല്ലാം തമിഴില്‍ പേരെടുത്ത നടന്‍റെ പേരിലാകുന്‌പോള്‍ ആളുകയറുമെന്നുള്ള വിശ്വാസത്തിലൂന്നി സംവിധായകന്‍ ജിജോ പടച്ചുണ്ടാക്കിയ ചിത്രമാണ് പോക്കിരി സൈമണ്‍.

ചിത്രത്തിന്‍റെ തുടക്കം മുതല്‍ വേണ്ടിടത്തും വേണ്ടാത്തയിടത്തും വിജയ് എന്ന നടന്‍റെ ഫ്‌ലക്‌സുകളും ഫോട്ടോയും വച്ച് നിറച്ചതോടെ തിയറ്ററിനകത്ത് പലരുടെയും മുഖത്ത് ആദ്യം കണ്ട പ്രസന്നത താനെ മങ്ങി. “എന്തോന്നടെ ആരാധന എന്നെല്ലാം പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ആരാധന’ ഒരുമാതരി കട്ട വെറുപ്പിക്കല്‍… ഈ കാട്ടിക്കൂട്ടല്‍ കണ്ടാല്‍ സാക്ഷാല്‍ വിജയ് വരെ ചിലപ്പോള്‍ നെഞ്ചത്തടിച്ച് കരഞ്ഞെന്നിരിക്കും.

തുടക്കം ഉഷാറാക്കി പക്ഷേ…

വിജയ് ഫാന്‍സിനെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള തുടക്കം. തിരുവനന്തപുരത്തെ വിജയ്‌യുടെ ആരാധകരെ പരിചയപ്പെടുത്തലും പുള്ളിക്കാരന്‍റെ മാസ് ഡയലോഗുകളുടെ കെട്ടഴിച്ച് വിടലുമെല്ലാം ആരാധകരെ വേണ്ടുവോളം തൃപ്തിപ്പെടുത്തും. പക്ഷേ, പിന്നീട് അങ്ങോട്ട് സംഭവിച്ചതെല്ലാം സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും പേക്കൂത്തുകളായിരുന്നു. തലയും വാലും ഇല്ലാത്ത എന്തൊക്കയോ ഊളത്തരങ്ങളാണ് പിന്നീട് തെളിഞ്ഞുവരുന്നത്. “ഛോട്ടാ മുംബൈ’ പോലുള്ള രസികന്‍ പടങ്ങള്‍ വേണ്ടുവോളം സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. പക്ഷേ, അത്തരം ചേരുവകള്‍ പോക്കിരി സൈമണില്‍ തുന്നി ചേര്‍ക്കാന്‍ നോക്കിയപ്പോള്‍ അത്രയ്ക്ക് അങ്ങോട്ട് ഏശിയില്ലാന്നു മാത്രം.

ആരാധനയാണത്രേ ആരാധന

തിരുവനന്തപുരംകാരനായ പോക്കിരി സൈമണിന്‍റെയും കൂട്ടുകാരുടെയും വിജയ് ആരാധനയെ കുറിച്ചുള്ള കഥയാണ് സംവിധായകന് കാട്ടിത്തരാനുണ്ടായിരുന്നത്. അപ്പാനി ശരത്, സൈജു കുറിപ്പ്, ജേക്കബ് ഗ്രിഗറി എന്നിവര്‍ കൂടി സണ്ണിവെയ്‌നൊപ്പം ചേര്‍ന്നപ്പോള്‍ യൂത്ത് മൊത്തം അങ്ങ് തിയറ്ററില്‍ കയറിക്കോളുമെന്നായിരിക്കും പോക്കിരി സൈമണ്‍ ടീം കരുതിയത്. ഒരു മയത്തിനൊക്കെ ആരാധന കാണിച്ചിരുന്നേല്‍ പിന്നെയും സഹിച്ചിരിക്കാമായിരുന്നു. ആരാധകരെ പരിചയപ്പെടുത്തിയ ശേഷം കഥയിലേക്ക് പ്രവേശിക്കുന്നതോടെ ക്ലീഷേകളുടെ കെട്ട് താനേ അഴിഞ്ഞുവീഴുകയായിരുന്നു. സിനിമയില്‍ കഥയില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. ഒട്ടും പുതുമയില്ലാന്നു മാത്രം.

 

വല്ലാത്തൊരു പ്രണയം

പലതരത്തിലുള്ള പ്രണയം കണ്ടിട്ടുണ്ട് പക്ഷേ, ഇമ്മാതിരിയൊന്ന് ഇത് ആദ്യമാണ്. പ്രയാഗ മാര്‍ട്ടിന് നായിക പട്ടം കൊടുത്ത് ചിത്രത്തിന് ഒരു ഗുമ്മൊക്കെ വരുത്തിയിട്ടുണ്ട്. പക്ഷേ എന്തിനോ വേണ്ടി തിളച്ച സാന്പാറിലെ വെണ്ടയ്ക്ക പോലെ നായിക പ്രണയ പരവശയായി എങ്ങോട്ടെന്നില്ലാതെ ഒഴുകി നടക്കുകയാണ്. അവസാനം നായിക എവിടെയെന്ന ചോദ്യം വരും മുന്പ് പിടിച്ചുവലിച്ച് കഥയിലേക്കിട്ട് സംവിധായകന്‍ ഒരുവിധത്തില്‍ തടിതപ്പി. എത്രയോ സിനിമകളില്‍ കണ്ടു പരിചയിച്ച പ്രണയാവിഷ്കരണത്തെ ഒട്ടും മാറ്റമില്ലാതെ ഈ ചിത്രത്തിലും കുത്തി തിരുകി കയറ്റുക മാത്രമാണ് സംവിധായകന്‍ ചെയ്തിട്ടുള്ളത്. തട്ടിക്കൂട്ട് പ്രണയം എന്നുവേണമെങ്കില്‍ പറയാം.

 

സെന്‍റിമെന്‍സില്ലാതെ പറ്റില്ലാല്ലോ

കഥയില്‍ കുറച്ച് സെന്‍റിമെന്‍സില്ലെങ്കില്‍ എങ്ങനെയാണ് ശരിയാകുക. കഥയുടെ അവസാന ഭാഗത്തേക്ക് കടക്കുന്‌പോഴാണ് സെന്‍റിമെന്‍സ് സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നത്. പിന്നീട് അങ്ങോട്ട് ഫുള്‍ സെന്‍റിമെന്‍സാണ്. കൂട്ടിന് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം കൂടിയാകുന്‌പോള്‍ ഉഷാറായില്ലേ. അയ്യോ ഒന്നു മറന്നു പോയി “ട്വിസ്റ്റ്’ ലോ ലവനും ഈ ചിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്തിനാണോ എന്തോ…?

ഒന്‍പത് വര്‍ഷം മുന്‍പ് ഒരു ജൂണ്‍ മാസത്തില്‍ കൃത്യമായി പറഞ്ഞാല്‍ 2008ല്‍ പൃഥ്വിരാജിനെ മമ്മൂട്ടി ആരാധകനാക്കി ബിബിന്‍ പ്രഭാകര്‍ എന്ന സംവിധായകന്‍ ഒരുക്കിയ “വണ്‍വേ ടിക്കറ്റ്’ എന്നൊരു ചിത്രം ഓര്‍മയുണ്ടോ… തീയറ്ററില്‍ പരാജയപ്പെട്ട ആ ചിത്രത്തിന്‍റെ ഗണത്തിലേക്ക് പോക്കിരി സൈമണും വീണേക്കാം…

(ആരാധന ഓവറായാല്‍ ഇതും ഇതിനപ്പുറവും കാണേണ്ടി വരും.)

വി.ശ്രീകാന്ത്‌

Related posts