പത്തനംതിട്ട: വീണു പരിക്കേറ്റ സോഫ്റ്റ് ബോൾ പരിശീലകന്റെ നെറ്റിയിലെ മുറിവിൽനിന്ന് തടിയുടെ ചീളുകൾ നീക്കാതെ തുന്നിക്കെട്ടിയതായി പരാതി. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചത്. പരിക്കേറ്റ സോഫ്റ്റ്ബോൾ കേരളാ ടീം പരിശീലകനും വയനാട് സ്വദേശിയുമായ മുഹമ്മദ് കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ കേരളാ സോഫ്റ്റ്് ബോൾ ടീമിന് പരിശീലനം നൽകിയ ശേഷം മുഹമ്മദ് കുട്ടി കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തെ ലോഡ്ജിലെ റൂമിൽ ഒന്നരയോടെ മടങ്ങിയെത്തി. ശാരീരികാസ്വസ്ഥ്യം വന്നതിനെ തുടന്ന് അബോധാവസ്ഥയിലായി മേശയിലേക്ക് മുഖം ഇടിച്ച് വീണു.
സഹപ്രവർത്തകർ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്കുശേഷം മുറിവിൽ 15 തുന്നലിട്ടു. സ്കാനിംഗിന് വിധേയനാക്കിയപ്പോൾ നെറ്റിയിൽ ഉള്ളിലേക്ക് ക്ഷതമുള്ളതായും അസ്ഥികൾക്ക് പൊട്ടലുളളതായുമാണ് റിപ്പോർട്ട് ലഭിച്ചത്. തുടർ ചികിത്സയ്ക്കായി മുഹമ്മദ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് ശിപാർശ ചെയ്തു.
അവിടെ എത്തിയപ്പോഴേക്കും വേദന അസഹ്യമാണെന്ന് പറഞ്ഞതനുസരിച്ച് ഡോക്ടർ തുന്നൽ അഴിച്ച് പരിശോധിച്ചപ്പോഴാണ് മേശയുടെ പ്ലൈവുഡിലെ പൊട്ടിയ ഭാഗങ്ങൾ നെറ്റിയിൽ തറച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം പത്തനംതിട്ടയിലെത്തി ലോഡ്ജിൽ വിശ്രമിക്കുകയാണ് മുഹമ്മദ്. പരിക്കിനെ തുടർന്ന് മുഹമ്മദ് പിൻമാറിയതോടെ ഹൈദരബാദിൽ നടക്കുന്ന ദേശീയ മീറ്റിൽ മറ്റൊരു പരിശീലകനോടൊപ്പം ടീം ഇന്നലെ രാവിലെ പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ടു.