കുറ്റ്യാടി: രോഗം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ പോലീസ് തിരയുന്ന ചേരാപുരം ചോയ്യോം കണ്ടി മുഹമ്മദും കുടുംബവും ഒളിവിൽ. തിരുവള്ളൂരിലെ രണ്ടുപേർ നൽകിയ പരാതിയെ തുടർന്നാണ് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ സിദ്ധന്റെ വലയിൽ ഒട്ടനവധി ആളുകൾ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
ഖുർആൻ ചികിത്സയുടെ പേരിൽ ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളുമാണ് സിദ്ധൻ പലരിൽനിന്നും തട്ടിയെടുത്തതായി അറിയുന്നത്. ഇല്ലാത്ത ചികിത്സയുടെ പേരുപറഞ്ഞ് വടകര മേഖലയിലെ പല വീടുകളിലും സന്ദർശനം നടത്തിയിരുന്നു. കുടുംബങ്ങളിലെ ആളുകളെ പരസ്പരം തെറ്റിക്കുകയും ആ വീടുകളിൽ ആധിപത്യം സ്ഥാപിക്കുകയുമാണ് ഇയാളുടെ രീതി. തുടർന്ന് വീടുകളിലെ സ്ത്രീകളുടെ കൈയിലുള്ള സ്വർണ്ണവും പണവും കൈവശപ്പെടുത്തും.
വിധവകളേയും ഭർത്താക്കന്മാർ ഗൾഫിലുളള സ്ത്രീകളേയുമാണ് സിദ്ധൻ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വൃക്കരോഗവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കായി പോയപ്പോഴാണ് മുഹമ്മദിന്റെ കെണിയിൽ പരാതിക്കാരായ തിരുവള്ളൂർ സ്വദേശി അകപ്പെടുന്നത്.
ചികിത്സ വേണ്ടെന്നും രോഗം മന്ത്രത്തിലൂടെ കുറയ്ക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പല പ്രാവശ്യമായി രണ്ടര ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു ഈ വ്യാജ സിദ്ധൻ. തട്ടിപ്പിന് നിരവധിപേർ വിധേയരായെന്ന കണ്ടെത്തലിനെ തുടർന്ന് സിദ്ധനെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിൽ പോയ മുഹമ്മദിനെ അകത്താക്കാൻ അന്വേഷണ നടപടികൾ ഉൗർജ്ജിതമാക്കിയതായി അന്വേഷണ ഉദ്യാഗസ്ഥൻ കൂടിയായ കുറ്റ്യാടി അഡീഷണൽ എസ്ഐസി.രാംകുമാർ പറഞ്ഞു.