പരിയാരം: പിടിയിലായ കഞ്ചാവ് വില്പനക്കാരന്റെ ഫോണിലേക്ക് വന്നുകൊണ്ടിരുന്ന ആവശ്യക്കാരുടെ എണ്ണവും വണ്ണവും കണ്ട് പോലീസ് ഞെട്ടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പരിയാരം മെഡിക്കല്‍ കോളജിന് പിറകില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ പോലീസ് യുവാവിനെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കാരനെന്ന് നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരമാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് സാഹസികമായി പിടികൂടിയത്.
കഞ്ചാവ് കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ പെറ്റിക്കേസ് ചാര്‍ജ് ചെയ്ത് വിട്ടയച്ച പോലീസ് പ്രതിയുടെ മൊബൈലിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് എത്തിക്കൊണ്ടിരുന്ന വാട്സ്ആപ്പ് മെസേജുകളും എസ്എംഎസും കണ്ട് ഞെട്ടിയിരിക്കയാണ്. മെഡിക്കല്‍ കോളജിലും പിലാത്തറയിലെ ഒരു കോളജിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് മെസേജ് അയച്ചവരില്‍ കൂടുതലുമെന്ന് പോലീസ് പറഞ്ഞു. കഞ്ചാവിന്റെ വ്യാപനവും അത് ഉപയോഗിക്കുന്നവരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്നത് അടിവരയിടുന്നതാണ് സന്ദേശങ്ങളെന്ന് പോലീസ് സൂചിപ്പിച്ചു.