തൃശൂർ: തുക വായിക്കാനറിയാത്ത ബാങ്കുദ്യോഗസ്ഥരുടെ വിവരക്കേടു മൂലം ചെക്ക് നൽകിയ അക്കൗണ്ട് ഉടമയ്ക്ക് ധനനഷ്ടവും മാനക്കേടും. മാതൃഭൂമി മുൻ പത്രാധിപരും ദീപികയിലെ കോളമിസ്റ്റുമായ പെൻ ന്യൂസ് ഡോട്ട് നെറ്റ് ചീഫ് എഡിറ്റർ കെ.ഗോപാലകൃഷ്ണനാണ് പണവും മാനവും നഷ്ടമായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്ന് തന്റെ ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനിലേക്ക് 1500 രൂപയുടെ ചെക്ക് നൽകിയതാണ് മടക്കിയത്. ചെക്ക് മടക്കിയെന്നു മാത്രമല്ല അതിന്റെ പിഴയായ 177 രൂപ ബാങ്ക് ഈടാക്കുകയും ചെയ്തു. മൂന്നു ലക്ഷത്തിലധികം രൂപ അക്കൗണ്ടിലുള്ളപ്പോഴാണ് 1500 രൂപയുടെ ചെക്ക് മടക്കിയത്. കാര്യമന്വേഷിച്ചു ചെന്നപ്പോഴാണ് ചെക്കിൽ അക്കത്തിലും അക്ഷരത്തിലുമെഴുതിയിരിക്കുന്നതു തമ്മിൽ വ്യത്യാസമുണ്ടെന്നു ബാങ്കുദ്യോഗസ്ഥർ പറഞ്ഞത്.
1500 രൂപയ്ക്ക് ഇംഗ്ലീഷിൽ “ഫിഫ്റ്റീൻ ഹണ്ട്രഡ് ഓണ്‍ലി’ എന്നാണ് എഴുതിയിരിക്കുന്നത്. ഇങ്ങനെ ഇംഗ്ലീഷിൽ എഴുതിയാൽ അത് 1500 രൂപയാകില്ലെന്നാണ് ബാങ്കുദ്യോഗസ്ഥരുടെ “കണ്ടുപിടിത്തം’.
ഉദ്യോഗസ്ഥരുടെ വിവരക്കേട് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഈടാക്കിയ പിഴ തിരിച്ചുനൽകി തടിതപ്പി. എന്നാൽ, സാധാരണക്കാരായ ഇടപാടുകാരോട് ഇങ്ങനെ പെരുമാറുന്നതു നിരവധി പേർക്ക് മാനക്കേടും ധനനഷ്ടവും ഉണ്ടാക്കുന്നതാണ്. തുക അക്കൗണ്ടിലുണ്ടായിട്ടും നിസാര തുകയുടെ ചെക്ക് നൽകിയതു മടക്കിയതു ധനനഷ്ടത്തേക്കാൾ കൂടുതൽ മാനക്കേടുണ്ടാക്കിയെന്നു കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.