നാദാപുരം: മോഷ്ടിച്ച മൊബൈൽ ഫോൺ വിൽപ്പന നടത്തുന്നതിനിടയിൽ ഫോണിന്റെ ഉടമയുടെ ഫോട്ടോ കച്ചവടക്കാരൻ തിരിച്ചറിഞ്ഞത് മോഷ്ടാവിന് വിനയായി. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. നാദാപുരം ടൗൺ പരിസരത്തെ മാക്കൂൽ വീട്ടിൽ റയീസി(26)നെ യാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
വളയം ഗവൺമെന്റ് ആശുപത്രിയിൽ ജോലിക്കെത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരൻ ഒഞ്ചിയം സ്വദേശി ഷിജുവിന്റെ ഫോണാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്്ക്ക് പന്ത്രണ്ടോടെ ആശുപത്രി പരിസരത്ത് നിന്നും മൊബൈൽ മോഷ്ടിച്ച ശേഷം ഇയാൾ നാദാപുരത്തെ ഷോപ്പിൽ വിൽക്കാനെത്തി. മൊബൈൽ ഫോണിൽ ഷിജുവിന്റെ ഫോട്ടോ കണ്ട് തിരച്ചറിഞ്ഞ കട ഉടമ ഉടൻ ഷിജുവിനെ വിവരമറിയിച്ചു.
മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ റയീസിനെയും തേടി ഷിജുവിന്റെ സുഹൃത്തുക്കൾ വീട്ടിൽ പോയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി പത്തോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ മറ്റൊരു മൊബൈൽ കടയിൽ 4000 രൂപയ്ക്ക് ഫോൺ വിറ്റ് റോഡരിൽ നിൽക്കുന്നതിനിടയിലാണ് നാട്ടുകാർ പിടികൂടി പോലിൽ ഏൽപ്പിച്ചത്. നാദാപുരം പോലീസ് ഇയാളെ വളയം പോലീസിന് കൈമാറി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.