22 കാരനായ വിദ്യാര്‍ത്ഥി നഗരത്തിലെ ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടുവട്ടം കണ്ണന്തൊടി സ്വദേശി ആഷിഖ്, തന്‍വീര്‍ എന്നിവരെയും ഇവരുടെ സുഹൃത്തെന്നുപറയുന്ന യുവതിയെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ മയക്കുമരുന്ന് ഉപയോഗവും അനാശാസ്യവുമായി ബന്ധപ്പെട്ട ചില സൂചനകളുള്ളതായി പൊലിസ് പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട ചില സംശയങ്ങളുള്ളതായി പോലീസ് പറഞ്ഞു. മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11.25 നാണ് മിനിബൈപ്പാസ് റോഡിലെ മിംസ് ആശുപത്രിക്കു മുന്നിലുള്ള പാലസ് ലോഡ്ജില്‍ രണ്ടുപേര്‍ മുറിയെടുക്കാനെത്തിയത്. ആശുപത്രിയില്‍ ഒരാളുണ്ടെന്നും അവിടെ നില്ക്കാന് കഴിയാത്തതിനാലാണു മുറിയെടുക്കുന്നതെന്നും ഇവര്‍ ലോഡ്ജിലെ റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. ആശുപത്രിയിലെ പാസ് കാണിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ആധാര്‍ കാണിക്കുകയും തുടര്‍ന്നു റൂം നല്‍കുകയും ചെയ്യുകയായിരുന്നുവെന്നു ലോഡ്ജ് അധികൃതര്‍ പറഞ്ഞു.
നടുവട്ടം കണ്ണന്തൊടി എന്‍.വി. ആഷികിന്റെ പേരിലാണ് മുറിയെടുത്തത്. ഫോണ്‍ നമ്പറും ലഡ്ജറില്‍ രേഖപ്പെടുത്തിരുന്നു. പിന്നീട് താക്കോല്‍ നല്‍കുകയായിരുന്നുവെന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ പറഞ്ഞു. 20 മുറികളുള്ള ലോഡ്ജില്‍ അഞ്ചു മുറികളിലും ഇന്നലെ ആളുകളുണ്ടായിരുന്നു. പിന്നീടാണ് ഷാഹില്‍ ഇവിടെയെത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്. ലോഡ്ജിലുള്ളവര്‍ ഷാഹിലിനെ കണ്ടിട്ടില്ല. ഷാഹില്‍ വീട്ടില്‍ നിന്നിറങ്ങി ലോഡ്ജില്‍ എത്തി. തുടര്‍ന്നു ഷാഹിലിന് ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും സുഹൃത്തായ യുവതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
യുവതി സ്ഥലത്തെത്തിയപ്പോഴേക്കും ഷാഹില്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍തന്നെ ഷാഹിലിനെ മിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ വിളിച്ചതിനെ തുടര്‍ന്നു ഇന്നലെ രാവിലെയാണ് താന്‍ ലോഡ്ജില്‍ എത്തിയതെന്നാണു യുവതി പറയുന്നത്.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംഭവത്തില്‍ മെഡിക്കല്‍കോളജ് സിഐ മൂസവള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.