ഓഹരി അവലോകനം / സോണിയ ഭാനു
സാന്പത്തികരംഗം പ്രതിസന്ധിയിലേക്കു വഴുതുമെന്ന സൂചനകൾ നിക്ഷേപകരുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. ബാധ്യതകൾ പണമാക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാർ നടത്തിയ നീക്കം സെൻസെക്സിന്റെയും നിഫ്റ്റിയുടെയും വെയിറ്റേജ് കുറച്ചു. ബോംബെ സൂചിക 350 പോയിന്റും നിഫ്റ്റി 121 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
കൊറിയൻ സംഘർഷാവസ്ഥ ഏഷ്യൻ മാർക്കറ്റുകളിൽ പിരിമുറുക്കമുളവാക്കി. പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ചൈനയുടെ റേറ്റിംഗ് താഴ്ത്തിയത് ഷാങ്ഹായ് സൂചികയ്ക്കു തിരിച്ചടിയായി. എ പ്ലസിൽനിന്ന് എഎ മൈനസായി റേറ്റിംഗ് താഴ്ത്തി. പുതിയ സാഹചര്യത്തിൽ മറ്റു പ്രമുഖ റേറ്റിംഗ് ഏജസികളായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസും ഫിച്ചും ചൈനയുടെ റേറ്റിംഗിൽ ഭേദഗതികൾക്കു നീക്കം നടത്താം
.
ധനകമ്മി പരിഹരിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയെങ്കിലും സാന്പത്തികരംഗം തളർച്ചയിൽ അകപ്പെടുമെന്ന ഭീതി തല ഉയർത്തുകയാണ്. 40,000 മുതൽ 50,000 കോടി രൂപയുടെ ഉത്തേജക പദ്ധതികൾക്കുള്ള നീക്കത്തിലാണ് ധനമന്ത്രാലയം. ജൂണിൽ അവസാനിച്ച മൂന്ന് മാസക്കാലയളവിൽ സാന്പത്തികവളർച്ച മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. അടുത്ത വായ്പാ അവലോകനത്തിൽ ആർബിഐ പലിശനിരക്കുകളിൽ മാറ്റം വരുത്താനിടയുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപം തിരിച്ചുപിടിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ മത്സരിച്ചു. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചായ 65 വരെ ഇടിഞ്ഞു. രൂപയ്ക്ക് 78 പൈസയുടെ തിരിച്ചടി നേരിട്ടതോടെ വാരാന്ത്യം വിനിമയനിരക്ക് 64.80ലെത്തി.
വിദേശഫണ്ടുകൾ പോയ വാരം 5448.66 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3,581.88 കോടി രൂപ നിക്ഷേപിച്ചു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 3911.21 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു.
റിയാലിറ്റി ഇൻഡക്സ് അഞ്ചു ശതമാനവും മെറ്റൽ ഇൻഡക്സ് നാലു ശതമാനവും ഇടിഞ്ഞു. കാപ്പിറ്റൽ ഗുഡ്സ്, കണ്സ്യൂമർ ഗുഡ്സ്, ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഓട്ടോമൊബൈൽ, ഐ ടി ഇൻഡക്സുകളും തളർന്നു. ഹെൽത്ത്കെയർ ഇൻഡക്സ് മാത്രമാണ് മികവു നിലനിർത്തിയത്.
മുൻനിരയിലെ 31 ഓഹരികളിൽ 22 എണ്ണത്തിന്റെ നിരക്കിടിഞ്ഞപ്പോൾ ഒന്പത് ഓഹരികൾ കരുത്തു കാണിച്ചു.ബിഎസ്ഇയിൽ 25,207.37 കോടി രൂപയുടെയും എൻഎസ്ഇ യിൽ 1,47,214.93 കോടി രൂപയുടെയും ഇടപാടുകൾ നടന്നു.
ബോംബെ സെൻസെക്സ് വാരാരംഭത്തിലെ ബുൾ തരംഗത്തിൽ 32,486ലെ പ്രതിരോധം ഭേദിച്ച് 32,524 പോയിന്റ് വരെ ഉയർന്നു. എന്നാൽ, ഈ റേഞ്ചിൽ ക്ലോസിംഗ് വരെ പിടിച്ചുനിൽക്കാൻ അന്ന് സൂചികയ്ക്കായില്ല. ഉയർന്ന നിലവാരത്തിൽ ഫണ്ടുകൾ വില്പനക്കാരായതോടെ സെൻസെക്സ് വാരാവസാനം 32,000 പോയിന്റിലെ താങ്ങ് നഷ്ടപ്പെട്ട് 31,886 വരെ ഇടിഞ്ഞു.
വ്യാപാരം അവസാനിക്കുന്പോൾ സൂചിക 31,922ലാണ്. ഈ വാരം ആദ്യ താങ്ങ് 31,697 പോയിന്റിലാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 31,472-31,059 വരെ തിരുത്തലിനു ശ്രമിക്കാം. അതേസമയം, അനുകൂല വാർത്തകൾക്കു വിപണിയെ 32,335-32,748ലേക്കു കൈപിടിച്ച് ഉയർത്താനാവും.
ഡെറീവേറ്റീവ് മാർക്കറ്റിൽ സെറ്റിൽമെന്റ് അടുത്തതിനാൽ ചാഞ്ചാട്ടം ശക്തമാകാം. ഈ വാരം തേഡ് റെസിസ്റ്റൻസ് 32,973 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ സോൾഡാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ദുർബലാവസ്ഥയിലാണ്. പാരാബോളിക് എസ്എആർ വാരാന്ത്യം സെൽ സിഗ്നൽ നൽകി.
നിഫ്റ്റിക്ക് 10,000 പോയിന്റിലെ താങ്ങ് നഷ്ടമായി.
ഓപ്പണിംഗ് വേളയിലെ കുതിപ്പിൽ 10,179 വരെ ഉയർന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 10,155നു മുകളിൽ തിങ്കളാഴ്ച ക്ലോസിംഗിൽ ഇടം കണ്ടെത്താനായില്ല. ഇതോടെ 9,952 വരെ ഇടിഞ്ഞ നിഫ്റ്റി വാരാവസാനം 9,964ലാണ്. ഈ വാരം നിഫ്റ്റി 9,884ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ 10,111 വരെ ഉയരാം. എന്നാൽ, ഈ താങ്ങ് നഷ്ടപ്പെട്ടാൽ 9,804-9,657ലേക്കു സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം.
വടക്കൻ കൊറിയയുടെ സൈനിക പരീക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ജപ്പാൻ, കൊറിയ, ഹോങ്കോംഗ് ഓഹരി സൂചികകളെ തളർത്തി. യൂറോപ്യൻ മാർക്കറ്റുകൾ പലതും ചാഞ്ചാടി. മൂഡീസ് സർവീസസ് ബ്രിട്ടന്റെ റേറ്റിംഗിൽ വരുത്തിയ കുറവ് ഓഹരിവിപണിയെയും ഫോറെക്സ് മാർക്കറ്റിൽ പൗണ്ടിന്റെ വിനിമയനിരക്കിനെയും ബാധിച്ചു.
അമേരിക്കയിൽ ഡൗ ജോണ്സ് സൂചിക വാരാന്ത്യം തളർന്നപ്പോൾ നാസ്ഡാക്കും എസ് ആൻഡ് പി 500 ഇൻഡക്സും നേട്ടത്തിലാണ്. മഞ്ഞലോഹവിപണി തളർന്നു. 1,320 ഡോളറിൽനിന്ന് സ്വർണം 1,300 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട് 1,297 ഡോളറായി.