ചിറ്റൂർ: തത്തമംഗലം വെള്ളപ്പനയിൽ പുതിയവീടുകൾ നിർമ്മിച്ചു നല്കുമെന്ന് വാഗ്ദാനം നല്കി കുടിയൊഴിപ്പിച്ച പതിനാലു കുടുംബങ്ങളിലെ എഴുപതോളം പേർ പാർപ്പിട സൗകര്യമില്ലാതെ ദുരിതക്കയത്തിൽ. ഒരു സ്വകാര്യവ്യക്തിയുടെ ഒൗദാര്യത്തിൽ വയൽവരന്പിൽ ഓലപ്പുര നിർമ്മിച്ചാണ് കഴിയുന്നത്. ഇവിടെ പാന്പുശല്യം കൂടുതലായത് ഇവർക്ക് മറ്റൊരു ദുരിതമായി.
ഓലപ്പുരകളിൽ വിഷപ്പാന്പുകൾ കയറുന്നത് ഇവരുടെ ജീവന് ഭീഷണിയും സൃഷ്ടിക്കുന്നു. ഇവിടെ താമസിച്ചിരുന്ന അബ്ദുൾ അസീസ് സാംക്രമിക രോഗം പിടിപെട്ട് മരണപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നവംബർ ഒന്നിനകം ഫ്ളാറ്റുകൾ നിർമ്മിച്ച് താമസസൗകര്യം നല്കുമെന്ന് വാഗ്ദാനം നല്കിയാണ് ചിറ്റൂർ- തത്തമംഗലം നഗരസഭ അധികൃതർ വെള്ളപ്പനയിൽ നിന്നും ഇവരെ കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിച്ച സ്ഥലത്തുവെച്ചാണ് ലൈഫ്മിഷൻ ജില്ലാ തല ശിലാസ്ഥാപനകർമ്മം നടത്തിയത്.
മന്ത്രി എ.കെ ബാലൻ, രണ്ടു എംപിമാർ, സ്ഥലം എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ കൊട്ടിഘോഷിച്ചാണ് ആദ്യ ഘട്ടത്തിൽ എണ്പത് വീടുകൾ നിർമ്മിക്കുന്നതിനായി തറക്കല്ലിടൽ നടത്തിയത്. എന്നാൽ സംഭവം കഴിഞ്ഞ് ആറുമാസമായിട്ടും സർക്കാരോ ചിറ്റൂർ തത്തമംഗലം നഗരസഭയോ ഇതുവരേയും കെട്ടിടനിർമാണത്തിനു ഒരു നടപടിയും എടുക്കാത്തത് കുടിയൊഴിപ്പിച്ച കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നഗരസഭാ കാര്യാലയത്തിനു മുന്നിൽ കഞ്ഞിവെപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇവർ. കഴിഞ്ഞ 22 വർഷമായി നഗരസഭാ പുറന്പോക്കു സ്ഥലമായ വെള്ളപ്പനയിൽ കുടിൽകെട്ടി പതിനാലു കുടുംബങ്ങൾ അന്തിയുറങ്ങിവരികയായിരുന്നു. ഇവരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ഈ സ്ഥലത്ത് നാല് കക്കൂസും കുളിമുറികളും നഗരസഭ പണിതു നല്കിയിരുന്നു.
സംസ്ഥാന സർക്കാരും നഗരസഭയും പരസ്പരം പഴിചാരി വീട് നിർമാണത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നതായി ഈ കുടുംബങ്ങൾ പരാതിപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്തുതന്നെ വീണ്ടും താമസിക്കാനുള്ള സൗകര്യം ചെയ്തുതരണമെന്നാണ് ഇവരുടെ ദയനീയമായ അപേക്ഷ. ഇതും അധികൃതർ കേട്ടമട്ട് നടിക്കുന്നില്ല. കുടിയൊഴിപ്പിച്ചതിനു ശേഷം ഈ കുടുംബങ്ങളെ അവഗണിച്ച അധികൃതരുടെ നടപടി വൻ പ്രതിഷേധത്തിന് ഇടനല്കിയിരിക്കുകയാണ്.