പേരാമ്പ്ര: ഒരു വീടിനായി പോളിയോ തളർത്തിയ കാലുമായി പ്രദീപൻ മുട്ടാത്ത വാതിലുകളില്ല. തളർന്ന കാലുമായി ക്രച്ചസിൽ നടന്നു നീങ്ങി ലോട്ടറി വിറ്റാണ് പ്രദീപൻ കുടുംബം പോറ്റുന്നത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽ പെട്ട പട്ടാണിപ്പാറ മവുത്താം കുന്ന് ഭാഗത്തെ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ വാര്യരുകണ്ടി കണാരനും അമ്മ കാർത്ത്യായനിയും ഭാര്യ ലതയുമടങ്ങുന്നതാണ് നാല്പതു കാരനായ പ്രദീപന്റെ കുടുംബം.
ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 16 കൊല്ലമായി വീടിനായി നൽകിയ പ്രദീപന്റെ അപേക്ഷകളെല്ലാം കാരണം പറയാതെ തന്നെ തള്ളുകയായിരുന്നു. പഞ്ചായത്തിൽ നിന്നു എലിവിഷം പോലും നാളിതുവരെ ലഭിച്ചിട്ടില്ലെന്നു പ്രദീപൻ പരാതി പറഞ്ഞിരുന്നു. എലി നശീകരണത്തിനായി പഞ്ചായത്തിൽ നിന്നു വീടുകളിലെത്തിച്ച എലിവിഷം അയൽ വീടുകളിൽ കൊടുത്തെങ്കിലും പ്രദീപനു മാത്രം അതും നിഷേധിച്ചു.
ആറ് സെന്റ് ഭൂമിയിൽ ദ്രവിച്ചു ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. തളർന്ന കാലുകളുമായി നാല്പത് നടക്കല്ലുകൾ കയറിവേണം പ്രദീപന് വീട്ടിലെത്താൻ. സർക്കാരിന്റെ എല്ലാവർക്കും പാർപ്പിടമെന്ന ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടുമെന്നു വിശ്വസിച്ചിരുന്നെങ്കിലും ആപ്രതീക്ഷയും അറ്റ നിലയിലാണ് ഈ കുടുംബം.