ചിരിക്കുന്പോൾ ഹൃദയം ശരീരത്തിനു പുറത്തുവരുന്ന അപൂർവ രോഗവുമായി പെണ്കുട്ടി. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള റഷ്യൻ സ്വദേശിനിയായ വിർസാവിയ ബോറൺ ആണ് ഇത്തരത്തിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നത്. ലോകത്തെ പത്തുലക്ഷം കുട്ടികളിൽ ഒരാൾക്ക് മാത്രം പിടിപെടുന്ന എക്ടോപിയ കോർഡിസ് എന്ന രോഗമാണിത്.
ഇത്തരം രോഗബാധിതർക്ക് ആയുർദൈർഘ്യം വളരെ കുറവാണ്. പക്ഷെ ഏഴു വർഷമായിട്ടും കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലാത്തതിനാൽ തികഞ്ഞ പ്രതീക്ഷയിലാണ് മാതാപിതാക്കൾ. കുട്ടി ചിരിക്കുന്പോൾ നെഞ്ചിൽ നിന്നും ഹൃദയം പൂർണമായോ ഭാഗികമായോ തള്ളിവരും. ഈ അവസ്ഥ ശസ്ത്രക്രിയയിലൂടെ ഭേദപ്പെടുത്താനാവുമെങ്കിലും കുട്ടിക്ക് ഉയർന്ന രക്തസമ്മർദ്ദമുള്ളതിനാൽ ചികിത്സ എത്രമാത്രം വിജയകരമാകുമെന്ന് ഉറപ്പില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
കുട്ടിക്ക് തണുപ്പ് കാലാവസ്ഥയെ അതിജീവിക്കാൻ ആരോഗ്യപരമായി കഴിയാത്തതിനാൽ 2015ലാണ് ഇവർ റഷ്യയിൽ നിന്നു ഫ്ളോറിഡയിൽ എത്തിയത്. ഇവിടുത്തെ കാലാവസ്ഥ കുട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിർസാവിയയുടെ മാതാപിതാക്കൾ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിന് നെട്ടോട്ടത്തിലാണ്.