പുല്ലിനൊപ്പം ആഹാരമെന്നു കരുതി കഴിച്ച പോളിത്തീൻ കവറുകൾ കാളയുടെ ആമാശയത്തിലെ ദഹനത്തെ സാരമായി ബാധിച്ചപ്പോൾ വെറ്ററിനറി ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി അതു നീക്കം ചെയ്യാൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കു സാക്ഷ്യംവഹിച്ചതാവട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
വാരാണസിയിൽ കന്നുകാലികൾക്കുവേണ്ടി നടത്തിയ പശുധൻ ആരോഗ്യ എന്ന മെഡിക്കൽ ക്യാന്പിലാണ് സംഭവം. ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അമർപാൽ ഉൾപ്പെടെയുള്ള വിദഗ്ധ സംഘമാണ് ക്യാന്പ് നടത്തിയത്. ക്യാന്പിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശസ്ത്രക്രിയ പത്തു മിനിറ്റ് കണ്ടു നിന്നു. കാളയുടെ ഉടമയായ കർഷകനോട് വിവരങ്ങൾ തിരക്കിയശേഷമാണ് അദ്ദേഹം ക്യാന്പ് വിട്ടത്. ശസ്ത്രക്രിയ പൂർത്തിയാകാൻ രണ്ടു മണിക്കൂർ വേണ്ടിവന്നു.
ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയും ശരീരം ശോഷിക്കുകയും ചെയ്യുന്നതിനാലാണ് കാളയുടെ ഉടമസ്ഥനായ കർഷകൻ മെഡിക്കൽ ക്യാന്പിലെത്തിയത്. വെറ്ററിനറി ഡോക്ടർമാരുടെ വിശദമായ പരിശോധനയിൽ ആമാശയത്തിന്റെ ഒന്നാമത്തെ അറയിൽ ഗുരുതരമായ അണുബാധ കണ്ടെത്തി. ദഹിക്കാത്ത വസ്തുക്കൾ ഉള്ളിൽ ചെല്ലുന്പോഴാണ് ഈ അവസ്ഥ വരുന്നത്. കാളയുടെ അവസ്ഥ ഗുരുതരമായതിനാൽ ഉടൻതന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
കന്നുകാലികളുടെയുള്ളിൽ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ചെന്നാൽ അത് ദഹിപ്പിക്കാൻ കഴിയില്ല. ശസ്ത്രക്രിയയിലൂടെ മാത്രമേ അതു നീക്കംചെയ്യാൻ കഴിയൂ. പ്ലാസ്റ്റിക് വസ്തുക്കൾ കഴിക്കാതെ പ്രത്യേകം ശ്രദ്ധിക്കുകയാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള വഴി. എന്തു കണ്ടാലും കന്നുകാലികൾ ഭക്ഷിച്ചെന്നുവരും. കന്നുകാലികളുടെ ആരോഗ്യത്തിന് നല്ലതും ചീത്തയും ഏതെന്ന് ഉടമസ്ഥർ തിരിച്ചറിയണം- ഡോ. അമർപാൽ പറഞ്ഞു.