യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നിയമാനുസൃത നടപടി മാത്രമാണ് ഇതെന്നാണ് പോലീസിന്റെ വിശദീകരണം. എറണാകുളം വൈറ്റില ജംഗ്ഷനില്‍വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്.
എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു. അതേസമയം, യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന ടാക്‌സി ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും സത്യമാണെന്ന് സംഭവത്തിലെ ഏക ദൃക്‌സാക്ഷി ഷിനോജ് വെളിപ്പെടുത്തിയിരുന്നു.