ലിച്ചി എന്തിനാണ് മാപ്പ് പറഞ്ഞത്? എഴുപതുകാരനായോ മുപ്പതുകാരനായോ അദ്ദേഹം അഭിനയിച്ചെന്നിരിക്കും; അന്ന രേഷ്മ രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അന്ന രേഷ്മ രാജന്‍ ഒരു ചാനല്‍ പരിപാടിയില്‍ നടത്തിയ ചില പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്. അതേത്തുടര്‍ന്ന് അവര്‍ സോഷ്യല്‍മീഡിയകളിലൂടെ അന്നയ്‌ക്കെതിരെ രംഗത്തെത്തി. ട്രോളുകളും കളിയാക്കലുകളും അഭ്യവര്‍ഷത്തിലേയ്ക്ക് വരെ ചെന്നെത്തി. സഹിക്കവയ്യാതായപ്പോള്‍ അന്നയെന്ന ലിച്ചി സൂപ്പര്‍താരത്തിന്റെ ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ഈ വിഷയത്തില്‍ ലിച്ചിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായകന്‍ ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കല്‍. റിമ പറയുന്നതിങ്ങനെ…

ഒരു സൂപ്പര്‍താരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേര്‍ന്ന് ട്രോള്‍ ചെയ്തത്. എന്തിനാണ് ഇതൊക്കെ? അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാന്‍ കഴിയില്ലെന്നാണോ ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുന്‍കാല സിനിമകള്‍ നോക്കിയാല്‍ അത് മനസ്സിലാകും റിമ പറയുന്നു. മലയാളസിനിമയിലെ സൂപ്പര്‍ബ്രില്യന്റ് ആക്ടര്‍ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉര്‍വശി, ശോഭന, രേവതി എന്നിവരും ഇതുപോലെ അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്?റിമ ചോദിക്കുന്നു.

 

Related posts