ന്യൂഡല്‍ഹി: മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ തോല്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നായകന് വിരാട് കോഹ്ലിയുടെ അഭിനന്ദനം. ദാക്ഷിണ്യമില്ലാത്ത കളിക്കാര്‍ എന്നാണ് നായകന് തന്റെ കളിക്കാര്‍ക്കു നല്കിയ വിശേഷണം. പരമ്പര നേടിയതോടെ ഇന്ത്യ അന്താരാഷ്ട്ര ഏകദിന റാങ്കിംഗില്‍ ടീം ഒന്നാമതെത്തി.
മൂന്നാം ഏകദിനത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സ്റ്റീവ് സ്മിത്തിന്റെ മഞ്ഞപ്പടയ്ക്ക് ഇനി തകര്‍ക്കാനാകാത്ത 3-0 ലീഡോടെ ഇന്ത്യ വിജയിച്ചപ്പോള്‍ തുടര്‍ച്ചയായി 12 മത്സരങ്ങളില്‍ വിജയിക്കുന്ന ടീം എന്ന റിക്കാര്‍ഡും ഇന്ത്യക്കൊപ്പം. ഓസീസിനെ വൈറ്റ്വാഷ് ചെയ്യുകയാവും ഇനി കോഹ്ലിയുടെയും കൂട്ടുകാരുടെയും ലക്ഷ്യം. ഈ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയ 2-1 ന് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.
മികച്ച ഫോമില്‍ തുടരുന്ന കോഹ്ലി ഈ വര്‍ഷം 21 അമ്പതോവര്‍ മത്സരങ്ങളില്‍ നിന്നായി 1137 റണ്‍സാണ് അടിച്ചു കൂട്ടിയത്. പരമ്പര നേട്ടത്തില്‍ ഓരോ ടീമംഗവും സന്തോഷിക്കുന്നു. പക്ഷേ രണ്ടു മത്സരങ്ങള്‍ക്കൂടി ബാക്കിയുണ്ടെന്ന് മറക്കുന്നില്ലെന്ന് കോഹ്ലി പറഞ്ഞു. സ്ക്വാഡിലുള്‍പ്പെട്ട മറ്റു കളിക്കാര്‍ക്കും അവസരം നല്‍കും.
കളിക്കളത്തില്‍ കരുണകാണിക്കാത്ത നിലപാടാണ് സ്ക്വാഡിലെ ഓരോ അംഗത്തിനുമെന്ന് നായകന് കൂട്ടിച്ചേര്‍ത്തു. ചില താരോദയങ്ങള്‍ക്ക് ഈ പരമ്പര കാരണമായതില്‍ ഏറെ അഭിമാനിക്കുന്നതായും കോഹ് ലി പറഞ്ഞു.ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ത്രസിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഇന്‍ഡോറില്‍ പാണ്ഡ്യയുടെ 78 റണ്‍സാണ് ഇന്ത്യന്‍ സ്കോറിന് അടിത്തറയിട്ടത്. രണ്ടാം ഏകദിനത്തില്‍ തന്റെ ആദ്യ ഹാട്രിക് നേടിയ കുല്‍ദീപ് ഇന്ത്യന്‍ വിജയത്തിന് തിളക്കം കൂട്ടി.
2016-17 ല്‍ സ്വന്തം മണ്ണില്‍ കളിച്ച 13 ടെസ്റ്റുകളില്‍ പത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഇതിനു പുറമേ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലായി ഒമ്പതു മത്സരവും ഇന്ത്യ വിജയിച്ചു. എതിരാളികള്‍ ആരായിരുന്നാലും കീഴടക്കാനുള്ള ശക്തി ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ടെന്ന് മുന്‍ താരം ബിഷന്‍ സിംഗ് ബേദി പറഞ്ഞു.
ബാക്കിയുള്ള രണ്ടു മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനത്തേക്ക് അക്സര്‍ പട്ടേല്‍ തിരിച്ചെത്തും. ബംഗളൂരുവിലും നാഗ്പൂരിലുമായി വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് അവസാന മത്സരങ്ങള്‍.