കോട്ടയം: നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്പോൾ ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായിരുന്ന വിലയേക്കാൾ മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് അനിയന്ത്രിതമായി വില കൂടിക്കൊണ്ടിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജോസ് കെ. മാണി എംപി.
ജില്ലാ ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റോഫീസ് മാർച്ചും ധർണയും തിരുനക്കര ഹെഡ്പോസ്റ്റാഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ എണ്ണ കന്പനി ഉപരോധം ഉൾപ്പടെയുള്ള സമരമാർഗങ്ങളിലൂടെ മുന്പോട്ടു പോകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി തങ്കച്ചൻവാലേലും പ്രസിഡന്റ് ജോസുകുട്ടി തോമസും പറഞ്ഞു.
സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ധന വില ദിവസവും വർധിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ചാകരയാണെന്ന് അദേഹം പറഞ്ഞു. ഏ.സി. സത്യൻ, എം.എൻ. ശശിധരൻ, തോമസ് ആന്റണി, ഇമ്മാനുവൽ ജോസഫ്, അജയ് ലൂക്കോസ്, ഷെബി കുര്യൻ, പൊന്നി, വി.സി. സൈബു, സജി താന്നിക്കൽ പ്രസംഗിച്ചു.