ഇതുപറയാന്‍ ഞാന്‍ വലിയ അഭിനേതാവല്ലെങ്കിലും ആ സിനിമ കാണണമെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്! രാമലീല കാണരുത് എന്ന് ഒറ്റ വാക്കില്‍ പറയുന്നവരോട് നടന്‍ ഷാജുവിന് ചിലത് പറയാനുണ്ട്

ഇന്ന് സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം, സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തുന്ന രാമലീല എന്ന ദിലീപ് ചിത്രമാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന വ്യക്തി നായകനാകുന്ന ചിത്രം കാണണമോ വേണ്ടയോ എന്ന തര്‍ക്കമാണ് രാമലീല ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണം. പ്രമുഖരടക്കം നിരവധിയാളുകള്‍ രാമലീലയെ പിന്തുണച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും രംഗത്തെത്തിയിരുന്നു. സീരിയലില്‍ നിന്ന സിനിമയിലേയ്ക്ക് കടന്ന നടന്‍ ഷാജുവാണ് ഏറ്റവും പുതുതായി രാമലീലയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമ കാണണം എന്ന് പ്രേക്ഷകരോട് പറയാന്‍ താന്‍ ആളല്ലെങ്കിലും അത് പറയാന്‍ ചില കാരണങ്ങളുണ്ടെന്നാണ് ഷാജു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഷാജു ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. ഷാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

രാമലീല എന്ന സിനിമ ഈ 28 ന് തിയറ്ററുകളിലെത്തും. അരുണ്‍ ഗോപി എന്ന എന്റെ സുഹൃത്തിന്റെ ആദ്യസിനിമ, നല്ല സിനിമകള്‍ മാത്രം നമുക്ക് തരുന്ന ടോമിച്ചന്‍ മുളകുപാടം എന്ന കോടികള്‍ മുടക്കിയ നിര്‍മാതാവിന്റെ പ്രതീക്ഷ. ഏറ്റവും നല്ല എഴുത്തുകാരില്‍ ഒരാളായ നമ്മുടെ സച്ചിയേട്ടന്‍ രചന നിര്‍വഹിച്ച സിനിമ. ഷാജിയേട്ടന്‍ പുലിമുരുകന്‍ എന്ന സിനിമക്ക് ശേഷം ക്യാമറ ചലിപ്പിക്കുന്ന സിനിമ….. ഒരുപാട് പേരുടെ സ്വപ്നമാണ് രാമലീല. ഈ സിനിമയില്‍ ഞാനും ഒരു ചെറിയ റോളില്‍കൂടെ ഉണ്ട്. ഈ സിനിമയുടെ തുടക്കം മുതല്‍ അരുണിന്റെ കൂടെ സഞ്ചരിച്ച ഒരാളാണ് ഞാന്‍.

ഒരുപാടുപേരുടെ കഷ്ടപാടിനുശേഷം..ആ സിനിമ കാണരുത് എന്ന ഒറ്റവാക്കില്‍ പറയുന്നവരോട്…. അപേക്ഷയാണ്…വ്യക്തികള്‍ അല്ല കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്… ഒരുപാട് പേരുടെ പ്രതീക്ഷകള്‍… കണക്കിലെടുത്തു ഈ സിനിമ നിങ്ങള്‍ കാണണം. ഇതൊന്നും പറയാന്‍ വലിയ ഒരു അഭിനേതാവല്ല ഞാന്‍….. വര്‍ഷങ്ങളായി സിനിമയില്‍ ഒരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ശ്രമിക്കുന്ന അനേകം പേരില്‍ ഒരാള്‍….
നിങ്ങളുടെ സ്വന്തം….. ഷാജു.

Related posts