തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശിനി പിടിയിൽ. കോയന്പത്തൂർ കൃഷ്ണകോവിൽ തെരുവിൽ മാലജ്യോതി എന്നു വിളിക്കുന്ന ജ്യോതി (45)ആണ് പോലീസ് പിടിയിലായത്. ക്ഷേത്രങ്ങളിൽ ഉത്സവ സീസണ് ആകുന്പോൾ തമിഴ്നാട്ടിൽ നിന്നും ഒരുസംഘം മോഷ്ടാക്കൾ കേരളത്തിൽ എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
നവരാത്രി മഹോത്സവത്തോടു അനുബന്ധിച്ചു ചെന്തിട്ട അന്പലത്തിൽ ദർശനത്തിനു എത്തിയ തൊളിക്കോട്, പുനലൂരിലുള്ള രമാദേവിയുടെ ആറു പവൻ മാല ദർശനം നടത്തുന്നതിനിടെ പിടിച്ചു പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ക്ഷേത്ര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസുകാർ പിടികൂടിയത്. പ്രതിയ്ക്കു തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളജ്, പേട്ട, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിലും കൂടാതെ മറ്റു ജില്ലകളിലും കേരളത്തിനു പുറത്തു 50 ഓളം മോഷണം, പിടിച്ചുപറി കേസുകൾ നിലവിൽ ഉണ്ട്.
തന്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ കെ.എൽ. സന്പത്ത്, എഎസ്ഐ സജീഷ്, വനിതാ പോലീസായ നിർമലകുമാരി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൂടെ മോഷണത്തിനായി തിരുവനന്തപുരത്തു വന്ന മറ്റു പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി തന്പാനൂർ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.