കോട്ടയം: സിപിഎമ്മിൽ ലയിക്കണമെന്ന ആഗ്രഹം സഫലമാകാൻ നാളുകൾമാത്രം ബാക്കിനിൽക്കെയാണ് കെ.ആർ. അരവിന്ദാക്ഷന്റെ വിടവാങ്ങൽ. ബദൽ രേഖ വിവാദത്തെത്തുടർന്നു എം.വി. രാഘവനൊപ്പം സിഎംപി രൂപീകരിച്ച് യുഡിഎഫിലെത്തിയെങ്കിലും പലഘട്ടങ്ങളിലും സിപിഎമ്മിലേക്കു മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിഎംപി രൂപീകരിച്ചെങ്കിലും തന്റെ രാഷ്ട്രീയ ശൈലി മാറ്റുവാൻ തയാറായില്ല.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ രണ്ടാം വാർഷികത്തിനുശേഷം യുഡിഎഫുമായി അകന്ന അരവിന്ദാക്ഷൻ ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുവാൻ ശ്രമിച്ചു. സിപിഎമ്മിന്റെ ഏപ്രിലിലെ പാർട്ടി കോണ്ഗ്രസിനുശേഷം സിപിഎമ്മിലേക്കു മടങ്ങാനുള്ള എല്ലാശ്രമങ്ങളും അദ്ദേഹം നടത്തി പൂർത്തികരിച്ചിരുന്നു. 1987ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്ഥാനാർഥിയാകുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു
. പുറത്താക്കപ്പെട്ട എംവിആർ, സി.പി. ജോണ് എന്നിവരോടൊപ്പം സിഎംപിയുടെ പ്രധാന സംഘാടകനായിമാറി. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നപ്പോഴാണു സിപിഎം വിട്ടത്. എം.വി. ആറിന്റെ മരണശേഷം സി.പി. ജോണുമായി തെറ്റിപ്പിരിഞ്ഞു. ഇതോടെ യുഡിഎഫ് വിട്ട് എൽഡിഎഫുമായി സഹകരിച്ച് പ്രർത്തിച്ചു വരികയായിരുന്നു.
ഇടതുപക്ഷ സഹയാത്രികനാണെങ്കിലും വിശ്വാസം കൈമോശം വരുത്തുവാൻ അദ്ദേഹം ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. പിതാവിന്റെ മരണത്തോടെ തികഞ്ഞ അന്പലവാസിയായി അരവിന്ദാക്ഷൻ അറിയപ്പെട്ടു. മാതാപിതാക്കളുടെ ബലിതർപ്പണം എല്ലാവർഷവും മുടക്കം കൂടാതെ അദ്ദേഹം നടത്തി. ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബവീടായ പൊൻകുന്നം കൂരാലി തറവാട്ട് വീട്ടുവളപ്പിലും പിന്നീട് കോട്ടയം തിരുനക്കരയിലേക്കു താമസം മാറ്റിയപ്പോഴും ആചാരം തുടർന്നു.
1990ൽ മഞ്ഞപ്പിത്തം ബാധിച്ചു മരണത്തിനു കീഴടങ്ങുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതിനുശേഷം പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയത് സജീവ രാഷ്ട്രീയ പ്രവർത്തകനായിട്ടാണ്. ഇക്കാലങ്ങളിലെല്ലാം തിരുനക്കര ക്ഷേത്രത്തിലെ നിത്യസന്ദർശകനുമായിരുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം പ്രവർത്തിച്ചു.