ഷൊർണൂർ: നിരോധിത രാസവസ്തുവായ പൊട്ടാസ്യം സയനൈഡ് വ്യാപകമായി ജില്ലയിലെത്തുന്നു. അധികൃതർ ഇക്കാര്യം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്. സംസ്ഥാനത്ത് വൻവ്യവസായശാലകൾക്കു മാത്രമാണ് പൊട്ടാസ്യം സയനൈഡ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ജില്ലയിൽ ആർക്കും ഇത് ഉപയോഗിക്കാൻ അനുമതിയില്ലെന്നിരിക്കേ പല ആഭരണനിർമാണശാലകളിലും ഇത് നിർലോഭം ലഭ്യമാണ്.
അന്യസംസ്ഥാനങ്ങളിൽനിന്നാണ് ഇവ അതിർത്തി കടന്നു പാലക്കാട്ടെത്തുന്നത്. ഇതിനു പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നു. കോയന്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിൽ. സ്വർണാഭരണങ്ങൾക്ക് തങ്കത്തിന്റെ നിറം നല്കുന്ന കളറിംഗ് ജോലികൾക്കാണ് പൊട്ടാസ്യം സയനൈഡിന്റെ ലായനി ഉപയോഗിക്കുന്നത്.
മുന്പ് കോയന്പത്തൂരിലെ ആഭരണ നിർമാണശാലകൾ കേന്ദ്രീകരിച്ചായിരുന്നു മറ്റു സംസ്ഥാനങ്ങളിൽനിന്നും പൊട്ടാസ്യം സയനൈഡ് എത്തിയിരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായിരുന്നു ഇത്.ഇപ്പോൾ കേരളത്തിലെ ചെറുകിട ആഭരണ നിർമാണശാലകളിലേക്കും സയനൈഡ് നേരിട്ട് എത്തിക്കുന്ന കണ്ണികൾ വ്യാപകമാണ്.
ചെറിയ അളവിൽ മാത്രം സയനൈഡ് കൊണ്ടുവരുന്നതിനാൽ ഈ സംഘങ്ങളെ പിടികൂടാൻ അധികൃതർക്ക് കഴിയുന്നില്ല.
ക്രിസ്റ്റൽ രൂപത്തിലെത്തിക്കുന്ന പൊട്ടാസ്യം സയനൈഡ് ആസിഡിൽ ചേർത്ത് ലായനി തയാറാക്കുന്നു. ലായിനി സംഭരിച്ച ഗ്ലാസ് പാത്രത്തിൽ തങ്കത്തിന്റെ ചെറിയ തകിടും താഴ്ത്തിവച്ചിട്ടുണ്ടാകും. തുടർന്ന് ചെന്പിലും സ്വർണത്തിലും തീർത്ത ആഭരണങ്ങൾ ആ ലായനിയിലേക്ക് താഴ്ത്തിവച്ചാണ് തങ്കത്തിന്റെ നിറം നല്കുന്നത്.സംസ്ഥാനത്ത് പൊട്ടാസ്യം സയനൈഡ് ഉപയോഗിക്കാൻ അനുമതിയുള്ളത് വൻകിട വ്യവസായശാലകൾക്ക് മാത്രമാണെന്നിരിക്കേയാണ് ചെറുകിടക്കാർപോലും വ്യാപകതോതിൽ സയനൈഡ് ഉപയോഗിക്കുന്നത്.
ഇതിനെതിരേ നടപടിയില്ലാത്തതുമൂലം ഈ രംഗത്തുള്ളവർക്ക് ആരേയും ഭയപ്പെടേണ്ടതില്ല. 2001-ൽ മാത്രമാണ് ഇതിനുമുന്പ് പൊട്ടാസ്യം സയനൈഡ് കൈവശം വച്ചതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തത്.പിന്നീട് ഇന്നുവരെ ആർക്കെതിരേയും ഒരു നടപടിയുംഉണ്ടായിട്ടില്ലെന്നു ബന്ധപ്പെട്ടവർ പറയുന്നു. അതിമാരകവും നിമിഷനേരംകൊണ്ട് മരണം സംഭവിക്കുന്നതുമായ രാസപദാർഥമാണിത്.
വളരെ സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട ഈ വസ്തുവാണ് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇതിന്റെ വിപണനവും ഉപയോഗവും തടയുകയും ഫലപ്രദമായി പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യാത്തപക്ഷം വൻദുരന്തമാകും പരിണിതഫലം. പോലീസും ഡ്രഗ്സ് അധികൃതരും ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതാണ്.