അയ്യോ, പെട്ടെന്നു മനസിലായില്ലാട്ടോ എന്ന് ഒരിക്കലെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്തവർ ആരുമുണ്ടാകില്ല. ഒരാളെ തിരിച്ചറിയുക, അല്ലെങ്കിൽ മറ്റുള്ളവരാൽ തിരിച്ചറിയപ്പെടുക എന്നത് നിത്യജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്.
ഭൗതിക വസ്തുക്കളെ അല്ലെങ്കിൽ വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവ് കംപ്യൂട്ടറുകൾക്ക് പണ്ടുമുതൽക്കേ തീരെയില്ല. പറക്കുന്നതിൽ പഞ്ഞിയും പറവയും തമ്മിലും, നാലു കാലുള്ളതിൽ മേശയും പശുവും തമ്മിലുമുള്ള വ്യത്യാസം കംപ്യൂട്ടറിന് അറിയില്ല എന്ന് തമാശയായി പറയാറുണ്ട്. അതു സത്യമാണുതാനും. അങ്ങനെയിരിക്കെ അനേകകോടി മുഖങ്ങൾ അത് എങ്ങനെ തിരിച്ചറിയും എന്നത് ചോദ്യംതന്നെയായിരുന്നു.
എന്നാൽ ഏതാണ്ട് അന്‍പതുകൊല്ലമായി ഫേസ് റെക്കഗ്നിഷൻ ടെക്നോളജി സംബന്ധിച്ച ഗവേഷണങ്ങൾ ഉഷാറായി നടക്കുന്നുണ്ട്. ഒട്ടുവളരെ മുന്നോട്ടു പോകുകയും ചെയ്തു അത്. ഗവണ്മെന്റ് ഏജൻസികൾ, അതീവ സുരക്ഷയുള്ള സ്ഥാപനങ്ങൾ എന്നിവയിൽ മാത്രമായി അതിന്റെ പ്രയോഗം ഒതുങ്ങിയെന്നതും സ്വാഭാവികം.
കാലം മാറുകയാണ്. ഇതാ ഇപ്പോൾ ആപ്പിളിന്റെ ഐഫോണ്‍ എക്സിൽ ഫേസ് റെക്കഗ്നിഷൻ ഒരു സുരക്ഷാ ഉപാധിയായി എത്തിയിരിക്കുന്നു, ശക്തിയോടെ. സുരക്ഷാ പിൻ പോലെയോ പാറ്റേണ്‍ പോലെയോ ഒരു അണ്‍ലോക്കിംഗ് ഉപാധിയാണ് ഉപയോക്താവിന്റെ മുഖം ഇപ്പോൾ. അടുത്തകാലത്ത് മൊബൈലിൽ അവതരിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ പോലെ ഫേസ് റെക്കഗ്നിഷൻ തരംഗമാകാൻ അധികം വൈകില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഐഫോണ്‍ എക്സ് ഒരു ഹൈ-എൻഡ് ഫോണാണ്. അതായത് സാധാരണക്കാർക്ക് എളുപ്പം പ്രാപ്യമല്ലാത്ത ഒന്ന്. അക്കാരണംകൊണ്ടുതന്നെ മുഖം തിരിച്ചറിയൽ വിദ്യ സാധാരണക്കാരിലേക്ക് എങ്ങനെ എത്തുമെന്ന് ന്യായമായും സംശയിക്കാം. എന്നാൽ ആ സംശയം അസ്ഥാനത്താണ്. ചെലവുകുറച്ച് എങ്ങനെ ഈ വിദ്യ സ്വായത്തമാക്കാമെന്ന് ഇപ്പോൾതന്നെ മറ്റു കന്പനികൾ തലപുകച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഈ രംഗത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ പണിതുടങ്ങിക്കഴിഞ്ഞു. ആപ്പിൾ ഐഫോണ്‍ എക്സ് പ്രഖ്യാപിച്ച കഴിഞ്ഞ 12 മുതൽ ഇതിനായുള്ള ആവശ്യക്കാർ കൂടിയെന്നാണ് അവരുടെ പക്ഷം. മോട്ടറോള, എൽജി തുടങ്ങിയ വന്പന്മാർ തങ്ങളുടെ ഫോണുകളിൽ ഫേസ് റെക്കഗ്നിഷൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ പ്രയോഗത്തിലുള്ള സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചത് ആപ്പിളല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആമസോണ്‍ ഏറെക്കാലമായി ഈ രംഗത്തുണ്ട്. അവർ ഒരു പേറ്റന്റിനും അപേക്ഷിച്ചുകഴിഞ്ഞു. മാസ്റ്റർ കാർഡ്, യുഎസ്എഎ തുടങ്ങിയ കന്പനികളും ഫേസ് റെക്കഗ്നിഷന്റെ വിവിധ രൂപങ്ങൾ പ്രയോഗിക്കുന്നുണ്ട്. സാംസങ്ങിന്റെ ഹൈ-എൻഡ് ഫോണായ ഗാലക്സി നോട്ട് എട്ടും അടുത്തകാലം മുതൽ ഫേസ് റെക്കഗ്നിഷൻ പ്രയോഗിക്കുന്നുണ്ട്. എന്നാൽ മുഖത്തിന്റെ ഫോട്ടോ ഉപയോഗിച്ച് ഫോണിനെ കബളിപ്പിക്കാമെന്ന് ചിലർ തെളിയിച്ചു. അത്തരം പഴുതുകൾ എല്ലാം ഇത്തവണ ആപ്പിൾ അടച്ചു. ഓരോ മുഖത്തും മുപ്പതിനായിരം ഡോട്ടുകൾ വിശകലനം ചെയ്താണ് ആപ്പിളിന്റെ ഫേസ് ഐഡി മുഖങ്ങൾ തിരിച്ചറിയുന്നത്. ഇൻഫ്രാറെഡ് കാമറ ഈ പാറ്റേണ്‍ റീഡ് ചെയ്ത് ഇമേജുണ്ടാക്കിയാണ് മുഖം അതുതന്നെ എന്നുറപ്പിക്കുക. വെളിച്ചക്കുറവുള്ളപ്പോഴും തങ്ങളുടെ ടെക്നോളജി പ്രവർത്തിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. ഫിംഗർപ്രിന്റ് സെൻസർ പരാജയപ്പെടുന്ന കൊടും തണുപ്പുള്ള പ്രദേശങ്ങളിലും ഫേസ് ഐഡി പ്രവർത്തിക്കുമെന്ന് ആപ്പിൾ പറയുന്നു.
ഡിജിറ്റൽ ഉപയോക്താക്കൾ വരുംവർഷങ്ങളിൽ ഒട്ടേറെ മടങ്ങ് കൂടുമെന്നിരിക്കേ ഫേസ് റെക്കഗ്നിഷൻ പകുതിയിലേറെ ലോഗ്-ഇനുകളിലും അക്കൗണ്ട് വാലിഡേഷനുകളിലും മറ്റു തിരിച്ചറിയലുകളിലും മുഖ്യ ഉപാധിയാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അക്കൗണ്ടുകളും ഉപകരണങ്ങളും അങ്ങനെ കൂടുതൽ സുരക്ഷിതമാകട്ടെ.
വി.ആർ.