തൃശൂർ: പോലീസ് കാവലിലും ആരാധകരുടെ ആർപ്പുവിളികൾക്കും മധ്യേ തൃശൂരിലും രാമലീലയുടെ ആദ്യപ്രദർശനം.
തൃശൂർ ജോസ് തീയറ്ററിൽ 12നു നൂണ്‍ഷോ ആരംഭിക്കുന്പോൾ തീയറ്റർ ദിലീപ് ആരാധകരെകൊണ്ട് നിറഞ്ഞിരുന്നു. ഷോ തുടങ്ങുന്നതിനും മുന്‍പേ തന്നെ തീയറ്ററിനു മുന്നിൽ ദിലീപ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ചെണ്ടമേളവും മറ്റുമായി എത്തിയിരുന്നു. തീയറ്ററുകൾക്കു നേരെ എന്തെങ്കിലും ആക്രമണമുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നതുകൊണ്ടു തന്നെ തീയേറ്റർ അധികൃതർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.
സാധാരണയായി പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്പോൾ ടിക്കറ്റെടുക്കാനുള്ള തിക്കും തിരക്കും ബഹളവും നിയന്ത്രിക്കുന്നതിനു പോലീസുകാരെ ഡ്യൂട്ടിക്കായി വിളിക്കാറുണ്ടെന്നും രാമലീല പ്രദർശിപ്പിക്കുന്ന തീയറ്ററുകൾക്കു നേരെ ആക്രമണ സാധ്യതയുണ്ടെന്ന അഭ്യൂഹമുള്ളതിനാൽ മുഴുവൻ സമയവും പോലീസിന്റെ സേവനം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയതെന്നും തീയറ്റർ അധികൃതർ പറഞ്ഞു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ നിന്നും നാലുപോലീസുകാരെ തീയറ്ററിലേക്കു ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
തീയറ്ററിനു പുറത്തു ചെണ്ടമേളവും മറ്റും പൊടിപൊടിക്കുന്നതിനിടെയാണു ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടിയ വാർത്ത പുറത്തുവന്നത്. ഇതോടെ ആവേശം കുറച്ചൊന്നു തണുത്തെങ്കിലും ആരാധകർ പിൻമാറിയില്ല. നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്തിരിക്കുന്ന രാമലീല പൊളിറ്റിക്കൽ ത്രില്ലറാണ്. ദിലീപിന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള ചേരുവകളെല്ലാം ചേർത്തിട്ടുണ്ട്. ദിലീപിന്റെ ഇൻട്രഡൊക്ഷൻ സീൻ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. തീയറ്ററും പരിസരവും ദിലീപിന്റെ ഫ്ളെക്സുകളാൽ നിറച്ചിട്ടുണ്ട്.