ബോസ്റ്റണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റന് വോട്ടു ചെയ്യാതെ ഡോണൾഡ് ട്രംപിന് വോട്ടു ചെയ്തു വിജയിപ്പിച്ച സ്ത്രീകൾക്ക് മുൻ പ്രഥമ ലേഡി മിഷേൽ ഒബാമയുടെ ശകാരവർഷം.
ഹില്ലരിക്കു വോട്ട് ചെയ്യാത്തവർ തങ്ങളുടെ സ്വന്തം സ്വരത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. നമ്മുടെ മുന്പിൽ ഹില്ലരിയും ട്രംപുമാണ് പ്രധാന രണ്ടു സ്ഥാനാർഥികളായി ഉണ്ടായിരുന്നത്. പല സ്ത്രീകളും ഭേദപ്പെട്ട സ്ഥാനാർഥി ട്രംപാണെന്നും ട്രംപിന്റെ സ്വരം വിശ്വാസനീയമായി തോന്നുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ എന്റെ അഭിപ്രായത്തിൽ നിങ്ങൾ നിങ്ങളുടെ സ്വരത്തെ ഇഷ്ടപ്പെടുന്നില്ലെന്നും ആരോ നിങ്ങളോടു ഇഷ്ടപ്പെടാൻ ആവശ്യപ്പെട്ടതു നിങ്ങൾ ഇഷ്ടപ്പെടുകയായിരുന്നുവെന്നും മിഷേൽ പറഞ്ഞു. സെപ്റ്റംബർ 27 ന് ബോസ്റ്റണിൽ നടന്ന പ്രഫഷണൽ ഡവലപ്മെന്റ് കോണ്‍ഫറൻസിൽ പ്രസംഗിക്കുന്നതിനിടയിൽ സദസ്യരിൽ നിന്നും ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിഷേൽ.
എട്ടുവർഷം ഭരിച്ച ഭർത്താവ് ഒബാമയും ഞാനും ഹില്ലരിയും എന്നും സ്ത്രീകളെ മാനിക്കുന്നുവരും അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നു നിർബന്ധ ബുദ്ധിയുള്ളവരുമായിരുന്നുവെന്നും മിഷേൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ട്രംപ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും കമാൻഡർ ഇൻ ചീഫും ആണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ യാഥാർഥ്യം നാം അംഗീകരിക്കേണ്ടതുണ്ടെന്നും എല്ലാ തലങ്ങളിലും ട്രംപ് വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും മിഷേൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: പി.പി. ചെറിയാൻ