മുല്ലപ്പെരിയാറിനെ ചൂഷണം ചെയ്തതു മതിയാകാതെ തമിഴ്‌നാടിന്റെ അടുത്തനീക്കം. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ തകര്‍ന്നതും പുരാതനവുമായ ചെക്ക് ഡാമായ ചെമ്പകവല്ലിയെ പുനര്‍നിര്‍മിക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ഈ ഡാം പുനര്‍ നിര്‍മിച്ചു ഇവിടെ നിന്നും ജലം കനാല്‍ വഴി ശിവകാശിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. കഴിഞ്ഞ ആഴ്ചയില്‍ മദ്രാസില്‍ വച്ച് പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതായാണ് വിവരം.
എന്നാല്‍ ഈ ഡാമിനെക്കുറിച്ച് കാര്യമായൊന്നും അറിവില്ലാത്തതിനാല്‍ വിഷയം പരിശോധിക്കട്ടെയെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. എന്തായാലും ഡാം നിര്‍മിക്കാനുറച്ചാണ് തമിഴ്‌നാട് മുന്നോട്ടു നീങ്ങുന്നത്. ഇതിനനുകൂലമായ വിധി അവര്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നു നേടിയിട്ടുണ്ട്. ഇതിനെതിരേ കേരളം അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. കേരളത്തിന്റെ ജലസമ്പത്ത് മുഴുവന്‍ തടഞ്ഞു നിര്‍ത്തി കൊണ്ടു പോകാനാണ് തമിഴ്നാടിന്റെ ശ്രമം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന പ്രകോപനപരമായ പ്രഖ്യാപനത്തിനൊപ്പമാണ് ഈ നീക്കവും.
പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ ശിവകാശി ജില്ലയുമായി അതിര്‍ത്തിപങ്കിടുന്ന ഭൂമിയിലാണ് ഈ ഡാം.എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അറിവില്ല. ഇടയ്ക്ക് സംസ്ഥാന വനം വകുപ്പ് ഈ അണക്കെട്ടിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ ഈ അന്വേഷണത്തില്‍ കല്ലുകൊണ്ടു കെട്ടിയ ഈ ഡാം കമ്മിഷന്‍ ചെയ്തത് 1951ലാണെന്നതിനു തെളിവു ലഭിക്കുകയും ചെയ്തു. വി പി രാമകൃഷ്ണപിള്ള ജല വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ തമിഴ്നാടിനു അനുകൂലമായ നിലപാടെടുത്ത് ഈ ഡാമിന്റെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നല്‍കിയ 5,15,000 രൂപ സ്വീകരിച്ചിരുന്നുവെന്നും രേഖകളുണ്ട്.
എന്നാല്‍ നിര്‍മാണമൊന്നും നടത്തിയിരുന്നില്ലതാനും. ഇക്കാര്യങ്ങളെല്ലാം തമിഴ്‌നാട് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
1773ല്‍ നിര്‍മ്മിച്ചതാണ് ചെമ്പകവല്ലിയെന്നാണു തമിഴ്നാടിന്റെ വാദം. അതിനാല്‍ ഈ ഡാമും പാട്ടക്കരാറിലുള്‍പ്പെടുമെന്നും അവര്‍ അവകാശപ്പെടുന്നു. സംസ്ഥാനത്തിന്റെ വനഭൂമിയില്‍ അനധികൃതമായി തമിഴ്നാട് നിര്‍മ്മിച്ചതെന്നു കേരളം കരുതുന്ന ഈ ഡാം ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ ഡാം പുനര്‍നിര്‍മ്മിക്കാന്‍ കേരളത്തിന്റെ അനുമതി ആവശ്യപ്പെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ തമിഴ്നാട് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചെമ്പകവല്ലി ചെക്ക് ഡാം പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കുകയില്ലെന്നു കേരളം സംശയലേശമന്യേ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് തമിഴ്നാടിന് അനുകൂല വിധി കിട്ടിയത്.
തമിഴ്‌നാടിന്റെ വാദത്തിലെ പാളിച്ചകള്‍ മദ്രാസ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളം ശ്രമിച്ചെങ്കിലും വിധി തമിഴ്‌നാടിന് അനുകൂലമാവുകയായിരുന്നു. ഈ ഡാം നിര്‍മ്മാണം ജനകീയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടു വരാനും തമിഴ്നാട് ശ്രമിക്കുന്നുണ്ട്. ശിവകാശി ജില്ലയിലെ 50,000 ഓളം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഈ ചെക്ക് ഡാം പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങളും രാഷ്ട്രീയ പ്രമേയങ്ങളും സംസ്ഥാന ജല വകുപ്പിന് ലഭിക്കുന്നുണ്ട്. എന്തായാലും തമിഴ്‌നാടിന്റെ ഈ നീക്കത്തെ ചെറുത്തില്ലെങ്കില്‍ കേരളം അതിനു വലിയ വില കൊടുക്കേണ്ടി വരും.