തമിഴ്നാട് ആകെ ശുദ്ധീകരിക്കാനുള്ള പരിപാടിയുമായാണ് കമൽ ഹാസൻ ഇറങ്ങിയിരിക്കുന്നതെന്നു തോന്നുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടിലെ രാഷ്ട്രീയക്കാരെയെല്ലാം കുറ്റം പറയുകയായിരുന്നു കക്ഷി. ഇനി രാഷ്ട്രീയത്തിൽ ഇറങ്ങാനോ മറ്റോ ആണോ പരിപാടി എന്നായിരുന്നു അപ്പോൾ എല്ലാവരുടേയും സംശയം. താമസിക്കാതെ തന്റെ പാർട്ടി പ്രതിക്ഷിക്കാം എന്ന പ്രഖ്യാപനവും എത്തി.
എന്നാൽ ഇപ്പോൾ സ്വന്തം സഹപ്രവർത്തകരേയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉലകനായകൻ.ഒരു ടെലിവിഷൻ ഷോയിക്കിടെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം. വിജയ് ആയിരുന്നു ഇത്തവണ കമൽ ഹാസന്റെ ഇര. വിജയ് നിരവധി സൂപ്പർഹിറ്റ് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ ചിലതൊക്കെ താൻ കണ്ടിട്ടുമുണ്ട്. എന്നാൽ ഹിന്ദിയിൽ ആമീർ ഖാനും ഷാരൂഖ് ഖാനുമൊക്കെ ചെയ്യുന്നതുപോലെ നല്ല സിനിമകൾ നിർമിക്കാൻ വിജയ് ശ്രമിക്കണം.തന്പി എന്നാണ് വിജയ്യെ കമൽ ഹാസൻ വിളിക്കുന്നത്. തന്പിയെ തനിക്ക് വ്യക്തിപരമായി അറിയാം. നല്ല സിനിമകൾ നിർമിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് -കമൽ ഹാസൻ കൂട്ടിച്ചേർത്തു.
വിശ്വരൂപത്തിന്റെ രണ്ടാംഭാഗമാണ് ഉലകനായകന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം. അത് ഈ വർഷം തന്നെ പ്രതീക്ഷിക്കാമെന്ന് കമൽ ഹാസൻ അറിയിച്ചിരുന്നു. വിജയ്ക്ക് ഈ വർഷം അത്ര നല്ലതല്ലായിരുന്നു. ഇറങ്ങിയ ചിത്രങ്ങളൊന്നും സൂപ്പർ ഹിറ്റുകൾ എന്ന പദവിയിലേക്ക് ഉയർന്നില്ല.അതിനിടെ വിജയ്യും കമൽഹാസനും ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇനിയിപ്പോൾ ആർക്കും അങ്ങനെയൊരു സംശയം വേണ്ട.