ഫ്രാങ്കോ ലൂയിസ്
തൃശൂർ: സർക്കാരിന്റെ ജിഎസ്ടി കംപ്യൂട്ടർ സർവറിന്റെ ശേഷിക്കുറവും വെബ്സൈറ്റിന്റെ തകരാറുംമൂലം ഒരാഴ്ചയ്ക്കകം വ്യാപാരികളിൽനിന്നു പിഴയിനത്തിൽ മാത്രം സർക്കാരിനു ലഭിക്കുന്നത് 360 കോടി രൂപ.നിശ്ചിത ദിവസത്തിനകം റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ വ്യാപാരികൾ ഓരോ ദിവസത്തേക്കും 200 രൂപ വീതം പിഴയടയ്ക്കണമെന്നാണു ജിഎസ്ടി നിയമത്തിലെ വ്യവസ്ഥ.
ഓഗസ്റ്റ് മാസത്തെ റിട്ടേണ്‍ സമർപ്പിക്കേണ്ട അവസാന തീയതി 20നായിരുന്നു. ജിഎസ്ടി രജിസ്ട്രേഷൻ നേടിയ 68 ലക്ഷം വ്യാപാരികളിൽ 38 ലക്ഷം പേർ മാത്രമാണ് 25-ാം തീയതി വരെ റിട്ടേണ്‍ ഫയൽ ചെയ്തത്. റിട്ടേണ്‍ ഫയൽ ചെയ്യാൻ വൈകിയ വ്യാപാരികളിൽനിന്ന് ആറു ദിവസത്തെ പിഴയായ 1,200 രൂപ ഈടാക്കുന്നതോടെ സർക്കാരിന്റെ ഖജനാവിൽ 360 കോടി രൂപ എത്തും. വ്യാഴാഴ്ച റിട്ടേണ്‍ സമർപ്പിച്ചവർക്ക് ഒമ്പതു ദിവസത്തെ പിഴത്തുകയായ 1,800 രൂപയാണ് അടയ്ക്കേണ്ടിവന്നത്.
ജിഎസ്ടി നടപ്പാക്കിയ ആദ്യമാസമായ ജൂലൈയിലെ റിട്ടേണ്‍ സമർപ്പിക്കാൻ വൈകിയവർക്കു പിഴ ഒഴിവാക്കിയിരുന്നു. പിഴ ഒഴിവാക്കിയ പ്രഖ്യാപനത്തിനുമുമ്പേ ആയിരക്കണക്കിനു വ്യാപാരികൾ പിഴ സഹിതം റിട്ടേണ്‍ ഫയൽ ചെയ്തിരുന്നു. ഒഴിവാക്കിയെങ്കിലും അടച്ചുപോയ പിഴത്തുക തിരികെ ലഭിക്കാനോ വകവച്ചുകിട്ടാനോ ജിഎസ്ടിയിൽ വ്യവസ്ഥകളില്ല.
സർക്കാരിന്റെ ജിഎസ്ടി കംപ്യൂട്ടർ സെർവറുകളുടെയും വെബ്സൈറ്റിന്റെയും ശേഷിക്കുറവുമൂലമാണു മുപ്പതു ലക്ഷം വ്യാപാരികൾക്കു യഥാസമയം റിട്ടേണ്‍ സമർപ്പിക്കാൻ കഴിയാത്തതെന്നു വ്യാപാരി നേതാക്കളും അവർക്കുവേണ്ടി റിട്ടേണ്‍ ഫയൽ ചെയ്യുന്ന ടാക്സ് കണ്‍സൾട്ടന്റുമാരും ചൂണ്ടിക്കാട്ടി. സെർവർ ശേഷി മെച്ചപ്പെടുത്താതെ പിഴ ഈടാക്കുന്നതിനെതിരേ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജിഎസ്ടി കൗണ്‍സിൽ ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടില്ല.
കൂടുതൽ വ്യാപാരികളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുമെന്നും അതിന്റെ ഗുണം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ, സെർവർ ശക്തിപ്പെടുത്താത്തതുമൂലം ചെറുകിട വ്യാപാരികൾ സർക്കാരിന്റെ പകൽക്കൊള്ളയ്ക്ക് ഇരയാകുകയാണെന്നു വിവിധ വ്യാപാരി സംഘടനാ നേതാക്കളും ടാക്സ് കണ്‍സൾട്ടന്റുമാരുടെ സംഘടനാ നേതാക്കളും പറയുന്നു.