അമേരിക്കയിലേക്ക് പോകാനാഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിക്കുക. ഒക്ടോബർ 18 മുതൽ അമേരിക്കയിലെ ഏതെങ്കിലും വിമാനത്താവളത്തിൽ ചെന്നിറങ്ങിയാൽ അവിടുത്തെ സുരക്ഷാ ജീവനക്കാർ അടുത്തെത്തി കൈയിലുള്ള ലാപ്ടോപ്പോ മൊബൈൽ ഫോണോ അവശ്യപ്പെടാം. യാത്രക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാനാണിത്.
ഇങ്ങനെനോക്കി സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന രീതിയിലുള്ള എന്തെങ്കിലും പോസ്റ്റോ കമന്റോ കണ്ടാൽ യാത്ര അവിടംകൊണ്ടു തീർന്നു എന്നു കരുതിയാൽ മതി. തീവ്രവാദ കുറ്റങ്ങൾ ചുമത്തി അവർ പിടിച്ച് ജയിലിലിടും. രാജ്യത്തെ തീവ്രവാദ ഭീഷണികൾ കുറയ്ക്കാനും കുടിയേറ്റക്കാരെ നിയന്ത്രിക്കാനുമാണ് ഈ പുതിയ നീക്കം.
2015 മുതൽ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാൻ ആലോചനയുണ്ടായിരുന്നു. 2015ൽ ബെർനാർഡിനോയിൽ നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാൾ തീവ്രവാദ ഗ്രൂപ്പുകളോടുള്ള തങ്ങളുടെ ആഭിമുഖ്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു.