ഷോപ്പിംഗിനു പോയപ്പോൾ കിട്ടിയ ബിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഫ്രീലാൻസ് ജേർണലിസ്റ്റിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. മുഹമ്മദ് അനസ് എന്ന ഫ്രീലാൻസ് ജേർണലിസ്റ്റിന്റെ അക്കൗണ്ടാണു ബ്ലോക്ക് ചെയ്തത്.
“കമൽ കി ഭൂൽ ഹമാരി ഫൂൽ’ (താമര ഞങ്ങൾ ചെയ്ത തെറ്റ്) എന്നെഴുതിയ ഷോപ്പിംഗ് ബിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉടമ ഷെയർ ചെയ്തിരുന്നു. മുഹമ്മദ് അനസും ഇത് ഷെയർ ചെയ്തു. എന്നാൽ രണ്ടു മണിക്കൂറുകൾക്കുശേഷം അക്കൗണ്ട് ബ്ലോക്കു ചെയ്തതായി കാട്ടി ഫേസ്ബുക്കിൽനിന്നു നോട്ടിഫിക്കേഷൻ ലഭിക്കുകയായിരുന്നു. ഫേസ്ബുക്ക് ചട്ടങ്ങൾക്കു വിരുദ്ധമാണു പോസ്റ്റ് എന്നായിരുന്നു അറിയിപ്പ്.
30 ദിവസത്തേക്കാണു ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നത്. എന്നാൽ മുഹമ്മദ് അനസിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്ക് നടപടിക്കെതിരേ വിമർശനവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.