രാജകുമാരി: ശക്തമായ മഴയിൽ ആനയിറങ്കൽ ജലാശയത്തിൽ ജലനിരപ്പുയർന്ന് ബോട്ടിംഗ് പുനരാരംഭിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ കടന്നുവരവും വർധിച്ചു. പച്ചവിരിച്ച തേയിലക്കാടുകൾക്കും മൊട്ടക്കുന്നുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ജലാശയത്തിലൂടെയുള്ള ബോട്ടു യാത്രയിൽ കാഴ്ചയ്ക്ക് വിരുന്നൊരുക്കി കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെടുന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുവാൻ പ്രധാന കാരണമാണ്.
ജില്ലയിലെ ഹൈഡൽ ടൂറിസം സെന്ററുകളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് മൂന്നാർ – കുമളി റൂട്ടിൽ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്റർ. ഇത്തവണത്തെ കടുത്ത വരൾച്ചയിൽ ജലാശയത്തിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ഇവിടുത്തെ ബോട്ട് സർവീസ് നിർത്തിവച്ചിരുന്നു. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും നിലച്ചു.
എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായി പെയ്യുന്ന മഴയിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്റ് വീണ്ടും ഇവിടെ ബോട്ടിംഗ് ആരംഭിച്ചു. ഇതോടെ അവധിദിവസങ്ങളിലടക്കം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
നിലവിൽ രണ്ട് സ്പീഡ് ബോട്ടുകളും ഒരു ഹൗസ് ബോട്ടും രണ്ട് കുട്ടവഞ്ചികളും രണ്ട് കയാക്കിംഗ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. സഞ്ചാരികളുടെ തിരക്കേറിയതോടെ മണിക്കൂറുകൾ കാത്തുനിന്നാണ് സഞ്ചാരികൾ ജലയാത്ര നടത്തുന്നത്. മറ്റ് ഹൈഡൽ ടൂറിസം സെന്ററുകളെ അപേക്ഷിച്ച് കൂടുതൽ ദൂരത്തിൽ ജലയാത്ര നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത.